അയോദ്ധ്യ: അയോദ്ധ്യ തര്‍ക്കത്തില്‍ മുഖ്യ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരി ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്കാരെ കേസു നടത്താന്‍ വെല്ലുവിളിക്കുന്നു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജീലാനിയും മറ്റും ഈ കേസിന്റെ പേരില്‍ പണമുണ്ടാക്കുകയാണെന്നും അന്‍സാരി ആക്ഷേപിച്ചു. കഴിഞ്ഞ ദിവസം താന്‍ സുപ്രീം കോടതിയിലെ കേസില്‍നിന്നു പിന്മാറാനും പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി മോദിയെ കണ്ടു ചര്‍ച്ചനടത്താനും ഒരുങ്ങുന്നുവെന്ന് അന്‍സാരി പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ നടത്തിയ പ്രതികരണമാണ് അന്‍സാരിയെ ചൊടിപ്പിച്ചത്.
യുപിയിലെ ന്യൂനപക്ഷ വകുപ്പു മന്ത്രി അസംഖാനും ജീലാനിയുമാണ് അന്‍സാരിയെ പരിഹസിച്ചത്. അന്‍സാരി പിന്മാറിയാലും ആയിരക്കണക്കിനുപേര്‍ കേസു നടത്താനുണ്ടാകുമെന്നാണ് അവര്‍ പ്രതികരിച്ചത്. ഇതിനോട് അന്‍സാരി ഇങ്ങനെ പറഞ്ഞു: ചിലര്‍ പറയുന്നു ഞാന്‍ പിന്മാറിയാലും അവര്‍ കാര്യമാക്കുന്നില്ലെന്ന്. അവര്‍ എന്നെ സൈക്കിള്‍ ട്യൂബിനു പഞ്ചറൊട്ടിക്കുന്നയാളായി കണക്കാക്കുന്നു. പക്ഷേ, അവര്‍ ഇന്ന് എന്താണോ അതു ഞാന്‍ കാരണമാണെന്നു മറക്കുന്നു. ഏന്റെ അക്ഷീണ പരിശ്രമമാണതിനു പിന്നില്‍. സുന്നി വഖഫ് ബോര്‍ഡും വന്നത് എത്രയോ കാലം കഴിഞ്ഞാണ്. ഈ പ്രചാരണത്തിന്റെ പേരില്‍ ഞാന്‍ ഒരിക്കലും പണമുണ്ടാക്കിയിട്ടില്ല. പക്ഷേ അവര്‍ (നേതാക്കള്‍) അങ്ങനെ ചെയ്യുന്നു. ഈ പ്രക്രിയയില്‍ അവര്‍ മുസ്ലിം സമൂഹത്തെ ചതിക്കുകയാണ്.
ഞാന്‍ അസംഖാനല്ല. അയാളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുമില്ല. ബാബറി കേസ് സുപ്രീം കോടതിയില്‍ കൊണ്ടുപോകാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രിയെന്ന നിലയില്‍ അയാള്ക്കതിനുത്തരവാദിത്തമുണ്ട്. 90 ശതമാനം മുസ്ലിങ്ങളും പക്ഷേ അയാളെ വെറുക്കുന്നു.
പ്രശ്നത്തിനു പരിഹാരം കാണണം. ഞാന്‍ പ്രധാനമന്ത്രി മോദിയെ കാണട്ടെ. കേസു വേഗം തീര്‍പ്പാക്കാന്‍ ഞാന്‍ ആവശ്യപ്പെടും. പാര്‍ലമെന്റില്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കട്ടെ. എനിക്കുറപ്പുണ്ട് അദ്ദേഹം ഇക്കാര്യത്തില്‍ ചിലതു ചെയ്യുമെന്ന്. ബാബറി മസ്ജിദ് വേണമെന്ന പക്ഷത്താണു ഞാന്‍, പക്ഷേ അത് ഹിന്ദു സോദരങ്ങളുടെ വികാരം വ്രണപ്പെടുത്തിയാവണ്ട, അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: