ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്സിക്ക് കൂച്ചുവിലങ്ങിടേണ്ടതുണ്ടായിരുന്നു. ആ ദൗത്യം ബ്രസീലിയന്‍ ഇതിഹാസം സീക്കോ കളി പഠിപ്പിക്കുന്ന എഫ്സി ഗോവ ഭംഗിയായി നിര്‍വഹിച്ചു.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചെന്നൈയിനെ നിഷ്പ്രഭമാക്കി ഗോവന്‍ പട ഐഎസ്എല്ലിന്റെ സെമി ഫൈനലിലേക്ക് രാജകീയമായി കുതിച്ചു. 13 മത്സരങ്ങളില്‍ നിന്ന് ഗോവയ്ക്ക് 21 പോയിന്റുകള്‍ സ്വന്തം. ചെന്നൈയിന് നേരത്തെ തന്നെ അവസാന നാലില്‍ പ്രവേശിച്ചിരുന്നു.
ചെന്നൈയിന്റെ തട്ടകത്തില്‍ ഗോവ ആധികാരികമായി ജയിച്ചുകയറി. 23-ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. ആന്ദ്രെ സാന്റോസും (41) മിറാസ്ലാവ് സ്ലെപ്പിക്കയും (62) സ്കോര്‍ ഷീറ്റിലെത്തുമ്പോള് ഗോവന്‍ പ്രഭാവം കളമാകെ ജ്വലിച്ചു. ഇഞ്ചുറി ടൈമില്‍ ജീന്‍ മൗറീസെ ചെന്നൈയിന്റെ ക്ഷീണമകറ്റിയ ഗോള്‍ സമ്മാനിച്ചു.
















