നിന്നെ സ്‌നേഹിക്കുന്നു, മിസ് ചെയ്യുന്നു… വിധിയുടെ ബൗണ്‍സറേറ്റ് സിഡ്‌നിയിലെ ക്രീസില്‍ പിടഞ്ഞുവീഴുന്നതിന് രണ്ടാഴ്ച മുന്‍പ് ആസ്‌ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭ ഫിലിപ്പ് ഹ്യൂസ് അടുത്ത സുഹൃത്തായ മെഗാന്‍ സിംപ്‌സണ് അയച്ച ഏറ്റവും ഒടുവിലത്തെ സന്ദേശമിത്.
ആ വാക്കുകള്‍ ഹ്യൂസും മെഗാനും തമ്മിലെ ആത്മബന്ധത്തിന്റെ ആഴങ്ങള്‍ അറിയിക്കുന്നു. ഹ്യൂസ് ജന്മനാടായ മാക്‌സ്‌വില്ലെയില്‍ അന്ത്യവിശ്രമം കൊള്ളുന്നവേളയില്‍ ഒരപൂര്‍വ്വ സൗഹൃദത്തിന്റെ ഓര്‍മ്മകളിലേക്ക് ഊളിയിടുകയാണ് മെഗാന്‍.
മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിഡ്‌നിയിലെ പബ്ബില്‍ ഹ്യൂസും മെഗാനും കണ്ടുമുട്ടിയത്. നിറഞ്ഞ ചിരിയോടെ മെഗാനെ ടേബിളിലേക്ക് ക്ഷണിച്ച ഹ്യൂസ് അവള്‍ക്കൊരു സര്‍പ്രൈസും കരുതിവെച്ചു. പിന്നെ രാത്രി മുഴുവന്‍ നീളുന്ന ഫോണ്‍ വിളികള്‍. ഷോപ്പിങ്ങും കോഫി ഷോപ്പുകളിലെ സമാഗമങ്ങളും അങ്ങനെ ദിവസങ്ങള്‍ പോയി.
അപ്പോഴൊന്നും ഹ്യൂസ് ഒരു ഇന്റര്‍നാഷണല്‍ ക്രിക്കറ്ററാണെന്ന് മെഗാന്‍ അറിഞ്ഞതേയില്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥനായാണ് ഹ്യൂസ് തന്നെ സ്വയംപരിചയപ്പെടുത്തിയിരുന്നത്. പിന്നൊരിക്കല്‍ ആസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ജൈന്റ്‌സിന്റെ അന്നത്തെ പരിശീലകനും കളിക്കാരും ഫിലിപ്പിനെയും മെഗാനെയും പബ്ബില്‍ വച്ചുകണ്ടു. അയാളെ എങ്ങനെയറിയാമെന്ന് അവര്‍ മെഗാനോടു ചോദിച്ചു. അപ്പോഴാണ് തന്നോടു കളിച്ചുചിരിച്ചു നടന്ന യുവാവ് ഫിലിപ്പ് ഹ്യൂസെന്ന ഇടംകൈയന്‍ ജീനിയസാണെന്ന് മെഗാന്‍ മനസിലാക്കുന്നത്.
പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ആഴ്ചമുതല്‍ മെഗാനെ കാണാന്‍ ഹ്യൂസ് എന്നും പബ്ബിലെത്തി. ഇടയ്‌ക്കൊക്കെ ചെറിയ പിണക്കങ്ങളുണ്ടായെങ്കിലും ഇരുവരും പുതിയ കൂട്ടുകാരെ തേടിപ്പോയില്ല. പരസ്പ്പരം വേദനിപ്പിച്ചുമില്ല. ലോകത്തെവിടെയായിരുന്നാലും ഹ്യൂസ് തനിക്ക് ഫോണ്‍ ചെയ്യുമായിരുന്നെന്ന് മെഗാന്‍ പറയുന്നു. ഫിലിപ്പിനുവേണ്ടി ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചു. കളിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഞാന്‍ ജോലി നോക്കിയയിടമെന്നതിനാല്‍ ജൈന്റ്‌സിനെ ഫിലിപ്പും സ്‌നേഹിച്ചു.
ഞാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ എന്ന സഹായിക്കാന്‍ ഫിലിപ്പ് എത്തിയിരുന്നു. ഒരാള്‍ പ്രശസ്തനാകുമ്പോള്‍ അയാള്‍ക്കു വേറെ ഒരുപാട് വഴികളുണ്ടെന്നാണ് വയ്‌പ്പ്. എന്നാല്‍ ഫില്‍ അങ്ങനെയായിരുന്നില്ല. ടീമംഗങ്ങള്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കുമെല്ലാം ഫില്‍ എന്ന പരിചയപ്പെടുത്തിക്കൊടുത്തിരുന്നു, മെഗാന്‍ തുടര്‍ന്നു.
നമ്മള്‍ തമ്മില്‍ ഡേറ്റിംഗ് ഉണ്ടെന്നു മറ്റുള്ളവര്‍ കരുതി. എന്നാല്‍ ഫിലിപ്പിന്റെ കണ്ണില്‍ ഞാന്‍ ആണ്‍കുട്ടി തന്നെയായിരുന്നു. അതെനിക്ക് അവനോടുള്ള ആരാധന വര്‍ധിപ്പിച്ചതേയുള്ളു.
മാക്‌സ്‌വില്ലെയിലേക്കു തിരിച്ചുചെന്ന് ഒരു പെണ്‍കുട്ടിയെ കെട്ടി രണ്ടു കുട്ടികളുമായി സ്വസ്ഥമായി കഴിയണമെന്നായിരുന്നു ഫില്ലിന്റെ ആഗ്രഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് അറിയണമെന്ന നിര്‍ബന്ധമൊന്നും അവനില്ലായിരുന്നു. തന്റെ കുടുംബംപോലെയിരിക്കണം അവളുടെ കുടുംബവും എന്ന നിബന്ധനയേ ഉണ്ടായിരുന്നുള്ളു.
മാക്‌സ്‌വില്ലെയിലെ അവന്റെ ഗോശാലയില്‍ ഞാന്‍ എന്റെ കുട്ടികളെയുംകൊണ്ട് ‘അങ്കിള്‍ ഫില്ലിനെ’യും പശുക്കളെയും കാണാന്‍ പോകുന്ന സംഭവം മുന്‍കൂട്ടിപ്പറഞ്ഞ് ഞങ്ങള്‍ തലതല്ലിച്ചിരിക്കുമായിരുന്നു.
ഫില്‍ ഒരു ഓസീസ് ക്രിക്കറ്റര്‍. എന്നാല്‍ ചിലര്‍ക്കൊക്കെ അവന്‍ മാക്‌സ്‌വില്ലെയില്‍ നിന്നുള്ള കര്‍ഷകന്‍ മാത്രം, നിറകണ്ണുകളോടെ മെഗാന്‍ സ്മരിച്ചു.
















