ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ തേരോട്ടം. ലീഗിലെ ലീഡര്‍മാരായ ചെല്‍സിയും നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ജേതാവ് ആഴ്സണലുമെല്ലാം വിജയകാഹളം മുഴക്കി. ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ടോട്ടനത്തെ മുക്കിയപ്പോള്‍ സിറ്റി സണ്ടര്‍ലാന്റിനെയും (4-1) ആഴ്സനല്‍ സതാംപ്ടനെയും (1-0) മറികടന്നു. 36 പോയിന്റുള്ള ചെല്‍സി ടേബിളില്‍ ആദ്യ സ്ഥാനത്തു തുടര്‍ന്നു. സിറ്റി (30) രണ്ടാമന്. 23 പോയിന്റോടെ ആഴ്സണല്‍ ആറാമത് നിലകൊണ്ടു.
തുറുപ്പുചീട്ട് ഡീഗോ കോസ്റ്റയില്ലാതെ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ ടോട്ടനത്തെ നേരിടാന്‍ ഇറങ്ങിയ ചെല്‍സിയെ ആഹ്ലാദിപ്പിച്ചത് ദിദിയര്‍ ദ്രോഗ്ബ എന്ന മറ്റൊരു സൂപ്പര്‍ താരം. ഒരു ഗോളിനു വഴിയൊരുക്കുകയും ഒരെണ്ണം സ്വന്തം പേരിലെഴുതുകയും ചെയ്ത ദ്രോഗ്ബയുടെ കളി നീലപ്പടയുടെ ലൈനപ്പില്‍ കോസ്റ്റയുടെ കുറവുണ്ടെന്ന് തോന്നിച്ചില്ല. 19-ാം മിനിറ്റില്‍ ദ്രോഗ്ബയുമായി പന്തു കൈമാറിക്കയറിയ ഈഡന് ഹസാര്‍ഡ് മൂന്ന് എതിര് പ്രതിരോധഭടന്മാരെ വെട്ടിച്ച് വെടിപൊട്ടിച്ചു (1-0). മൂന്ന് മിനിറ്റുകള്‍ക്കുശേഷം ഓസ്കറിന്റെ സുന്ദരമൊരു പാസിന് ദ്രോഗ്ബ പൂര്‍ണതയേകി (2-0). 73-ാം മിനിറ്റില്‍ ലോയിക് റെമിയും സ്കോര്ഷീറ്റിലെത്തുമ്പോള് ചെല്‍സിക്ക് ഉശിരന്‍ ജയം (3-0).
സണ്ടര്ലാന്റിനുമേല് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയാണ് പെരുമയ്ക്കൊത്ത ജയം സമ്മാനിച്ചത്. 19-ാം മിനിറ്റില്‍ കോണോര്‍ വിക്കാമിലൂടെ മുന്നില്‍ക്കയറിയ സണ്ടര്‍ലാന്റിന്റെ വലയില്‍ അഗ്യൂറോ (21, 71 മിനിറ്റുകള്‍) രണ്ടുവട്ടം പന്തെത്തിച്ചു. അതിലെ ആദ്യത്തേത് ഏകാംഗ മുന്നറ്റത്തിനൊടുവിലെ റോക്കറ്റ് ഷോട്ടിലൂടെയും. സ്റ്റീവന്‍ ജോവെറ്റിച്ചിന് (39) ഗോളടിക്കാന്‍ പന്ത് പകുത്തു നല്കിയതും അഗ്യൂറോ തന്നെ. പാബ്ലൊ സബലേറ്റ (55) സിറ്റിയുടെ മറ്റൊരു സ്കോറര്‍.
സതാംപ്ടനെതിരെ ആഴ്സണല്‍ നിറംമങ്ങിയ സമനിലയിലേക്കാണെന്നു തോന്നവെ രക്ഷകവേഷത്തില്‍ ചിലിയന്‍ സ്റ്റാര്‍ അലക്സി സാഞ്ചസ് വീണ്ടും അവതരിച്ചു. നിശ്ചിത സമയത്തില്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ആരോണ്‍ റാംസിയുടെ ക്രോസ് ഗോളിലേക്ക് തിരിച്ച് സാഞ്ചസ് ഗണ്ണേഴ്സിന് ജയമൊരുക്കി.
















