മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണക്ക് നാടകീയ വിജയം. ഇന്നലെ വലന്‍സിയക്കെതിരായ മത്സരത്തിലാണ് ബാഴ്‌സ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. ഇഞ്ചുറിസമയത്തിന്റെ നാലാം മിനിറ്റില്‍ സെര്‍ജിയോ ബസ്‌ക്വറ്റസ് നേടിയ ഗോളാണ് ബാഴ്‌സക്ക് സമനില ഉറപ്പിച്ച മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് കിരീട ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് മികച്ച വിജയം സ്വന്തമാക്കി.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോ ലാ കൊരൂണയെയാണ് അത്‌ലറ്റികോ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ സെവിയ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗ്രനാഡയെ തറപറ്റിച്ചു.
വലന്‍സിയക്കെതിരെ എവേ മത്സരത്തില്‍ ബാഴ്‌സ നിരയില്‍ മെസ്സി, നെയ്‌മര്‍, സുവാരസ് തുടങ്ങിയ ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങള്‍ മുഴുവന്‍ അണിനിരന്നിട്ടും എതിര്‍ പ്രതിരോധം കീറിമുറിക്കാനാവാതെ കുഴങ്ങി.
കളിയില്‍ 71 ശതമാനവും പന്ത് നിയന്ത്രിച്ചത് ബാഴ്‌സയായിരുന്നെങ്കിലും മെസ്സിയും നെയ്‌മറും സുവാരസും ഉള്‍പ്പെട്ട ത്രിമൂര്‍ത്തികള്‍ എതിപ്രതിരോധം കെട്ടിപ്പൊക്കിയ കുരുക്കില്‍ അകപ്പെട്ടു. കളിയിലുടനീളം മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ ബാഴ്‌സ താരനിരക്ക് കഴിഞ്ഞത്. 11-ാം മിനിറ്റില്‍ വലന്‍സിയയുടെ റോഡ്രിഗോയുടെയും 14-ാം മിനിറ്റില്‍ ബാഴ്‌സയുടെ ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസിന്റെയും ഷോട്ടുകള്‍ എതിര്‍ ഗോളിമാര്‍ രക്ഷപ്പെടുത്തുന്നത് കണ്ടാണ് കളിക്ക് ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ വലന്‍സിയയുടെ ആല്‍വാരോ നെഗ്രഡോയുടെ ഷോട്ടും ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. പിന്നീട് ആദ്യപകുതിയില്‍ സൃഷ്ടിക്കപ്പെട്ട അവസരങ്ങള്‍ മുഴുവന്‍ ലക്ഷ്യബോധമില്ലാതെ ഇരുടീമുകളുടെയും സ്‌ട്രൈക്കര്‍മാര്‍ പുറത്തേക്കടിച്ചുകളയുകയായിരുന്നു.
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇരുടീമുകളും അവസരങ്ങള്‍ തുലച്ചുകളഞ്ഞതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഇഞ്ചുറി സമയത്ത് ബസ്‌ക്വറ്റസ് ബാഴ്‌സയുടെ രക്ഷകന്റെ വേഷത്തില്‍ അവതരിച്ചു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും നെയ്‌മര്‍ പായിച്ച ഷോട്ട് വലന്‍സിയ ഗോളി ഡീഗോ ആല്‍വസ് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് പന്ത് ബസ്‌ക്വറ്റസ് വലയിലേക്ക് അടിച്ചുകയറ്റി.ഫൗളുകളുടെ അതിപ്രസരം കണ്ട മത്സരത്തില്‍ എട്ട് തവണയാണ് റഫറി മഞ്ഞകാര്‍ഡ് പുറത്തെടുത്തത്.
ഡിപോര്‍ട്ടീവോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. 43-ാം മിനിറ്റില്‍ സോള്‍ നിഗ്വസും 55-ാം മിനിറ്റില്‍ അര്‍ഡ ടുറാനും ട്യൂറനുമാണ് അത്‌ലറ്റികോയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ സെവിയ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്‌സിയെയും വിയ്യാറയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോര്‍ഡോബയെയും തകര്‍ത്തു.
ജയത്തോടെ 31 പോയിന്റായെങ്കിലും റയലിന് പുറകില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. 29 പോയിന്റുള്ള അത്‌ലറ്റികോയാണ് മൂന്നാമത്.
















