വിജയവാഡ: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ കേരളത്തിന് ഹാട്രിക്ക് കിരീടം. ഹരിയാനയുടെ വെല്ലുവിളിയെ അതിജീവിച്ച കേരളം 526.5 പോയിന്റ് സ്വന്തമാക്കി ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. ഇരുപതാം തവണയാണ് കേരളം മീറ്റില്‍ ജേതാക്കളാകുന്നത്. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും കേരളത്തിന്റെ മെഡല്‍പ്പട്ടികയ്ക്ക് മിഴിവേകി.
അവസാന ദിനമായ ഇന്നലെ 12 സ്വര്‍ണം കേരളം പോക്കറ്റിലെത്തിച്ചു. അണ്ടര്‍ 20 വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ആതിര മുരളീധരന്, 3000 മീറ്റര്‍ ഓട്ടത്തില്‍ പി.യു. ചിത്ര, ഹൈജംപില്‍ ഹരിപ്രിയ, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷില്‍ബി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫ്, അണ്ടര്‍ 16 വിഭാഗം പെണ്‍കുട്ടികളുടെ പെന്റാത്തലണില്‍ ആതിര മോഹന്‍, 200 മീറ്ററില്‍ ജിസ്ന മാത്യു, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ജോസഫ് ജോ, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിതേഷ്, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാനുവേല്‍, ഹെപ്റ്റാത്തലണില്‍ ഡെയ്സി സെബാസ്റ്റ്യന്‍ എന്നിവരും അണ്ടര്‍ 20 വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ റിലേ ടീമുകളും കേരളത്തിന് ഇന്നലെ കനകപ്പതക്കങ്ങള് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: