സിഡ്നി: അന്തരിച്ച ഓസീസ് ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ സംസ്കാരച്ചടങ്ങുകള്‍ ഡിസംബര്‍ മൂന്നിന് നടക്കും. ഇന്നലെ വൈകിട്ട് ക്രിക്കറ്റ് ആസ്ട്രേലിയ അധികൃതര്‍ ഈ വിവരം പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ നാലിന് ബ്രിസ്ബെയ്നില്‍ ആരംഭിക്കാനിരുന്ന ഇന്ത്യ- ആസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവച്ചു.
പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ബിസിസിഐയുമായുള്ള ആശയവിനിമയങ്ങള്ക്കുശേഷമാണ് ടെസ്റ്റ് നീട്ടിവയ്ക്കാനുള്ള തീരുമാനമെടുത്തത്.
ഹ്യൂസിന്റെ ജന്മനാടായ മാക്സ്വില്ലെയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മാക്സ്വില്ലെ ഹൈ സ്കൂളിലെ സ്പോര്‍ട്സ് ഹാള്‍ ചടങ്ങുകളുടെ വേദി. വിപുലമായ ക്രമീകരണങ്ങള്‍ ചടങ്ങിനായി ഒരുക്കുന്നുണ്ട്. സ്കൂളിന് ചുറ്റമുള്ള പ്രദേശങ്ങളില്‍ ചടങ്ങുവീക്ഷിക്കാന്വേണ്ട സൗകര്യങ്ങളുണ്ടാവും. ദേശീയ ടെലിവിഷനിലും റേഡിയോയിലും ചടങ്ങ് സംപ്രേഷണം ചെയ്യും. അഡ്ലെയ്ഡ് ഓവലിലെയും സിഡ്നി സ്റ്റേഡിയത്തിലെയും ബിഗ് സ്ക്രീനുകളിലും ചടങ്ങ് കാണാം.
സിഡ്നിയില്‍ നിന്ന് കോഫ്സ് ഹാര്‍ബറിലേക്ക് പ്രത്യേക വിമാന സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സഹകളിക്കാരിലൊരാള്ക്ക് എന്നെന്നേക്കുമായി വിടനല്കിയതിന്റെ തൊട്ടടുത്ത ദിവസം ഒരു മത്സരം കളിക്കാന്‍ പാകത്തില്‍ താരങ്ങള്‍ മാനസികമായി തയ്യാറായിരിക്കുമെന്ന് ഒരിക്കലും കരുതാനാകില്ല. അസാധാരണമായ പരിതസ്ഥിതിയാണിതൊക്കെ. കളിക്കാരുടെ ക്ഷേമമാണ് നമ്മുടെ ലക്ഷ്യം.
എല്ലാ സങ്കടങ്ങളെയും മറികടന്ന് വരും ദിവസങ്ങളിലൊന്നില്‍ അവര്‍ കളത്തിലിറങ്ങുമെന്നതില് സംശയമില്ല, ഗാബാ ടെസ്റ്റ് മാറ്റിയതിനെപ്പറ്റി ക്രിക്കറ്റ് ആസ്ട്രേലിയ സിഇഒ ജയിംസ് സുതര്‍ലാന്റ് പറഞ്ഞു. ബിസിസിഐയുടെ ഭാഗത്തു നിന്നുള്ള സഹകരണത്തിന് നന്ദി. കളികാണാന്‍ ടിക്കറ്റ് വാങ്ങിയവര്‍ ആകാംഷയിലാണെന്നറിയാം. ടിക്കറ്റ് കൈയില്‍ സൂക്ഷിക്കണമെന്നാണ് അവരോട് പറയാനുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















