കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയെ സിബിഐ ചോദ്യം ചെയ്യും. എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ബുധനാഴ്ച ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ പ്രൊഫ.ആര്‍.എന്‍. പാണ്ഡ്യ പറഞ്ഞു.
മിത്രയോട് ഹാജരാകാനാവശ്യപ്പെട്ട് സിബിഐ നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച് 21-ന് ഹാജരാകുവാനാണ് മിത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ 20ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. ചികിത്സക്കുശേഷമുള്ള വിശ്രമത്തിലൂടെ സിബിഐക്ക് മുമ്പില്‍ ഹാജരാകുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്ള സമയം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ അസം മുന്‍ആരോഗ്യമന്ത്രി ഹേമന്ത ബിശ്വ ശര്‍മ്മയെ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്യുകയുണ്ടായി. നേരത്തെ ശാരദാ ചിട്ടി തലവന്‍ സുദീ പ്ത ഗുപ്ത ഇയാള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ചിട്ടി സംരക്ഷണത്തിനായി മന്ത്രി വന്‍തുക കൈപറ്റിയിരുന്നതായി ആരോപിച്ചിരുന്നു.
















