ചെന്നൈ: മേഘാലയക്കാരനായ കൊടുംഭീകരനെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂന്നുമാസം മുമ്പാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാളുടെ സഹായിയും അറസ്റ്റിലായതായി തമിഴ്‌നാട് പോലീസ് പറഞ്ഞു.
ആചിക് നാഷണല്‍ കോപ്പറേറ്റീവ് ആര്‍മി (എഎന്‍സിഎ) കമാന്ററെന്ന് സ്വയം പ്രഖ്യാപിച്ച വില്യം എ.സാംഗ്മയും സഹായി ആര്‍.സാംഗ്മയും ആണ് തിരുപ്പൂര്‍ ജില്ലയിലെ ചിനക്കരൈയില്‍ അറസ്റ്റിലായത്. ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ നിന്നും തിരുപ്പൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കൊടുംഭീകരനായ വില്യം ഈ ആഗസ്റ്റിലാണ് മെന്ദിപാതര്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആറുവയസ്സുള്ള തന്റെ മകനെ കൊന്ന കേസുമായി ബന്ധപ്പെട്ടാണ് വില്യമിന്റെ സഹായി ആര്‍. സാംഗ്മക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വില്യമിന്റെ ഏറ്റവുമടുത്ത സഹായി സഞ്ജീവ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 31,475 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും മറ്റു രേഖകളും പോലീസ് കണ്ടെടുത്തിരുന്നു.
















