ആത്മോത്ഭവം ബോധത്തില്‍ നിന്നാണ്. വിശിഷ്ടമായ ജന്മം മനുഷ്യജന്മമാണ്. യുഗംതോറും ജന്മമെടുത്തതിനാല്‍ കര്‍മ്മദോഷത്തിലായിപ്പോയി. കര്‍മ്മദോഷത്തില്‍ പെട്ടതിനാല്‍ ജന്മപാപമുണ്ടായി.
അതിനാല്‍ ജാതിഭേദമുണ്ടായി. ഒരു കിണറ്റിലെ ശുദ്ധജലം കോരി ചായ, കാപ്പി, കഞ്ഞി, അരിഷ്ടം ഇവയൊക്കെയുണ്ടാക്കി. വെള്ളത്തിനു നിറഭേദം വന്നത് വെള്ളത്തിന്റെ കുറ്റമല്ല. അതാണ് ആത്മബോധം.
ഉല്പത്തി ജ്ഞാനമാണ് വേദം. വേദം പഠിച്ചാല്‍പ്പിന്നെ വേദാന്തിയായി. വേദാന്തിയായാല്‍പ്പിന്നെ വഴക്കില്ല. സംശയമില്ല. ബോധംകൊണ്ട് ഉള്‍ക്കണ്ണു തെളിയും. ഭേദമറ്റ ചിന്തയില്‍ ഏകോപിച്ച് അവര്‍ പരസ്പരം വന്ദിക്കുന്നു. ഏവരേയും മഹത്വപ്പെടുത്തുന്നു. പ്രാര്‍ത്ഥനയില്‍ അലക്ഷ്യം കാണിക്കരുത്. ഏകാന്ത ചിന്തയോടും ഏകാഗ്രതയോടുംകൂടി കണ്ണീരും തൊഴുകയ്യുമായി നിന്നു പ്രാര്‍ത്ഥിക്കണം. ആനയിളകിവന്നാലും അവരറിയുകയില്ല. അവരെ ഒന്നും ചെയ്യുകയുമില്ല.
















