”ഒമ്പതു മൂലകങ്ങള്‍ച്ചേര്‍ന്നതാണ് മൂന്നു ലോകങ്ങളും: അഗ്നി, പൃഥ്വി, ആകാശം, ജലം, വായു, ദിശ, കാലം, ആത്മാവ്, മനസ്സ്. ഇവയുടെയെല്ലാം പ്രഭവവും നിലനില്‍പിനാധാരവും മഹാപ്രളയത്തിന്റെ പ്രാപ്യസ്ഥാനവുമായ ആദിപുരുഷന്‍ ഗോവിന്ദനെ ഞാന്‍ ഭജിക്കുന്നു”
അതീന്ദ്രിയ സാക്ഷാത്കാരത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതോടെ സര്‍വ്വവിധമായ ദുഃഖവും കഷ്ടതയും ഭീതിയും വിഭ്രമവുമെല്ലാം ക്ഷണത്തില്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. കൃഷ്ണനു ബാഹ്യമായി എന്തൊക്കെയോ നിലനില്‍ക്കുന്നു എന്ന ഭ്രമം വെച്ചുപുലര്‍ത്തുന്നിടത്തോളം കാലം ആത്മാവിന് ഈ ദുരിതങ്ങളുടെ ആക്രമണത്തിനു വിധേയമാകേണ്ടിവരും. അതിനാല്‍ അതീന്ദ്രിയത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ഈ ഭൗതികലോകത്തായാല്‍പ്പോലും ഒരുവന്‍ സുഖം അനുഭവിക്കുന്നു.
ജീവിതത്തെക്കുറിച്ചുള്ള ഐഹികസങ്കല്‍പം ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ ഉത്പന്നമാണ്. അതു മനസ്സിനേയും ഇന്ദ്രിയങ്ങളേയും ബാധിക്കുന്നു. എന്നാല്‍ ബുദ്ധിയോഗത്തിലൂടെ ഒരുവന്റെ വീക്ഷണത്തിനും മാറ്റം സംഭവിക്കുമ്പോള്‍ എല്ലാറ്റിനും കൃഷ്ണനുമായി ബന്ധമുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു.
അഗ്നി, ജലം, ആകാശം, മനസ്സ് തുടങ്ങിയ മൗലിക ഘടകങ്ങളും ഒപ്പം ദിശകള്‍, ആത്മാവ്, കാലം എന്നിവയും ഭൗതികവും ആധ്യാത്മികവും സാകാരവും നിരാകാരവും ആയ സര്‍വ്വവും പരമസത്തയായ കൃഷ്ണനെ പ്രതിഫലിപ്പിക്കുന്നു. സാക്ഷാത്കാരത്തിന്റെ ഈ ഘട്ടത്തിലെത്തുമ്പോള്‍ പുണ്യപാപങ്ങള്‍, സുഖദുഃഖങ്ങള്‍ തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളും മായയും, ഹര്‍ഷുലമായ അതീന്ദ്രിയ സങ്കലനത്തില്‍ ലയിച്ചുപോകും. ബ്രഹ്മസാക്ഷാത്കാരത്തില്‍ നിന്നുള്ള സുഖമനുഭവിക്കുന്ന വ്യക്തിക്ക് തുടര്‍ന്ന് ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ലെന്ന് ഒരു ഉപനിഷത്തില്‍ പറയുന്നുണ്ട്.
















