ബെല്‍ഗ്രേഡ്: കളിക്കളത്തിലെ പ്രണയകഥകള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. ഇപ്പോഴിതാ പുതിയൊരെണ്ണം കൂടി. ജര്‍മന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം ബാസ്റ്റെയ്ന്‍ ഷ്വാന്‍ സ്റ്റൈഗര്‍ക്ക് സെര്‍ബിയന്‍ ടെന്നീസ് സുന്ദരി അനാ ഇവാനോവിച്ചിനോട് കടുത്തപ്രണയം. ഇഷ്ടംമൂത്ത ലോകകപ്പ് ഹീറോ അനയ്‌ക്ക് 27-ാം പിറന്നാള്‍സമ്മാനം നല്‍കാന്‍ ബെല്‍ഗ്രേഡിലേക്ക് വിമാനം കയറി. പാപ്പരാസികളുടെ കണ്ണുവെട്ടിച്ചായിരുന്നു ഷ്വാന്‍സ്റ്റൈഗറുടെ കാമിനീസംഗമം.
കഴിഞ്ഞമാസമാണ് അനയും ബാസ്റ്റൈയ്‌നും തമ്മിലെ അനുരാഗക്കഥ പുറംലോകം അറിയുന്നത്. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ ബാസ്റ്റൈയ്‌ന്റെ കൈകോര്‍ത്ത് അന ന്യൂയോര്‍ക്ക് നഗരം ചുറ്റിയടിച്ചു. സെര്‍ബിയന്‍ മാധ്യമങ്ങള്‍ താരപ്രണയത്തിന് വന്‍ പ്രാധാന്യം നല്‍കി. ഇതിനിടെ അനയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സെര്‍ബിയന്‍ തലസ്ഥാനത്ത് ഷ്വാന്‍സ്റ്റൈഗര്‍ പറന്നിറങ്ങുകയും ചെയ്തു.
അതേസമയം, അനയുടെ അനുരാഗബന്ധങ്ങള്‍ക്ക് അല്‍പ്പായുസാണെന്ന് അടക്കംപറയുന്നവര്‍ ഏറെ. പ്രശസ്തരായ പലരുടെയും കൂടെ ചുറ്റിക്കറങ്ങി നടന്നിട്ടുണ്ട് അന. സ്പാനിഷ് ടെന്നീസ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ അവരിലൊരാള്‍ മാത്രം. അതിനാല്‍ത്തന്നെ ഷ്വാന്‍സ്റ്റൈഗര്‍- അന പ്രേമസഞ്ചാരത്തിന് എത്ര ആയുസുണ്ടെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല.
















