പെര്‍ത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആസ്ട്രേലിയക്കു ജയം. കങ്കാരുക്കള്‍ 32 റണ്‍സിന് സന്ദര്‍ശകരെ കീഴടക്കി. ആദ്യം ബാറ്റ്ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് കുറിച്ചു. ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ 268 റണ്‍സിന് ഓള്‍ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട ആസ്ട്രേലിയ ജോര്‍ജ് ബെയ്ലിയുടെ (70) അര്‍ധ ശതകത്തിന്റെ ബലത്തിലാണ് മികച്ച സ്കോറില്‍ എത്തിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (46) ആരോണ്‍ ഫിഞ്ച് (35), മാത്യു വേഡ് (35), ഗ്ലെന്‍ മാക്സവെല്‍ (29) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. നായകന് മൈക്കല്‍ ക്ലാര്‍ക്ക് (11) നിറംമങ്ങി. ക്ലാര്‍ക്കിന്റെ കാലിനു പരിക്കേറ്റതും ഓസീസിന്റെ സങ്കടങ്ങളില്‍പ്പെട്ടു. വെര്‍ണന്‍ ഫിലാന്‍ഡര്‍ നാലും ഡെയ്ല്‍ സ്റ്റെയ്ന് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ചേസ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓസീസ് പേസര്‍മാര്‍ ഏറെ പ്രശ്നങ്ങള്‍ കരുതിവെച്ചു. കൗള്‍ട്ടര്‍ നൈലും (4) മിച്ചല്‍ ജോണ്‍സനും (2) ചേര്‍ന്ന് ആറു വിക്കറ്റുകള്‍ പങ്കിട്ടു. ഹാഷിം അംല (8) ക്വിന്റന്‍ ഡി കോക്ക് (2) ഫാഫ് ഡുപ്ലെസിസ് (31), ഫര്ഹാന് ബെഹ്റദൈന് (20) തുടങ്ങിയവരെല്ലാം പിടിച്ചുനില്ക്കാന് വിമുഖത കാട്ടിയപ്പോള്‍ ആഫ്രിക്കന്‍ പട പതറി. എന്നാല്‍ എ.ബി. ഡിവില്ലിയേഴ്സും (80) ഡേവിഡ് മില്ലറും (65) ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നു തോന്നി. പക്ഷേ, മില്ലറെ കൂടാരംകയറ്റി നൈല്‍ ഓസീസിനെ തിരിച്ചുകൊണ്ടുവന്നു. ഡിവില്ലിയേഴ്സ് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുരുതുരാ പൊഴിഞ്ഞതോടെ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചു. നൈല്‍ കളിയിലെ കേമന്‍
















