മോണ്ടെവിഡിയോ: സ്കോറിങ് യന്ത്രങ്ങളായ ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയും ഒന്നുചേര്‍ന്നിട്ടും കോസ്റ്റാറിക്കയ്ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഉറുഗ്വെയ്ക്ക് വിജയമധുരമില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട അത്യന്തം ആവേശകരമായ മുഖാമുഖത്തില്‍ ജയം കോസ്റ്റാറിക്കയ്ക്കൊപ്പം നിന്നു (6-7). നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നു ഗോള്‍ വീതം പങ്കിട്ടു.
അവസരങ്ങള്‍ തുലയ്ക്കാന്‍ കവാനി തുനിഞ്ഞിറങ്ങിയ കളിയില്‍ ഉറുഗ്വെ ജയത്തിന്റെ സമവാക്യം മറന്നുപോയി. ആരംഭം മുതല്‍ വിവിധ ഘട്ടങ്ങളില്‍ മുന്നിലെത്തിയ ഗോള്‍ സാധ്യതകളെ കവാനി നശിപ്പിച്ചുകൊണ്ടിരിന്നു. കോസ്റ്റാറിക്കന്‍ ഗോളി കെയ്ലര് നവാസിന്റെ സാഹസികതകളും ഉറുഗ്വെയ്ക്ക് പ്രതിബന്ധം തീര്‍ത്തു. തുടക്കത്തില്‍ പൊസഷന്‍ കയ്യടക്കിയ ഉറുഗ്വെ ഗോളിലേക്ക് പലവട്ടം ലക്ഷ്യംവച്ചു. മെല്ലെ മെല്ലെ താളം വീണ്ടെടുത്ത കോസ്റ്റാറിക്കയും വലചലിപ്പിക്കാന്‍ സജീവശ്രമം തുടങ്ങിയപ്പോള്‍ പുല്‍ത്തകിടിക്കു ചൂടുപിടിച്ചു.
കളിയുടെ ഒഴുക്കിനു വിരുദ്ധമായി 42-ാം മിനിറ്റില്‍ കോസ്റ്റാറിക്കയാണ് മുന്നിലെത്തിയത് (1-0), അല്‍വാരോ സബോറിയോ സ്കോറര്‍. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെഞ്ചു കൊണ്ടു നിയന്ത്രിച്ച പന്തിനെ ഉഗ്രനൊരു ഷോട്ടിലൂടെ സുവാരസ് (50-ാം മിനിറ്റ്) കോസ്റ്റാറിക്കന്‍ ഗോള്‍വര കടത്തി (1-1). ഉറുഗ്വെയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസേയുണ്ടായിരുന്നുള്ളു. ബ്രയാന്‍ റൂസ് (51) കോസ്റ്റാറിക്കയ്ക്ക് മുന്‍തൂക്കം തിരിച്ചുനല്‍കി (2-1). എന്നാല്‍ ജോസ് ജിമെനെസും (64) ധൂര്ത്തപുത്രന് കവാനിയും (67) സ്കോര്‍ ഷീറ്റിലെത്തുമ്പോള് ഉറുഗ്വെ 3-2ന് മുന്നില്‍. അതുകൊണ്ടും നാടകീയത അവസാനിച്ചില്ല. പകരക്കാരന്റെ ബൂട്ടണിഞ്ഞ ജോണ്‍ വെന്ജസ് ഇഞ്ചുറി ടൈമില്‍ കോസ്റ്റാറിക്കയ്ക്ക് സമനിലയൊരുക്കി (3-3). ഷൂട്ടൗട്ടില്‍ ഉറുഗ്വെയുടെ ഗുസ്മാന് പെരേരയ്ക്ക് ഉന്നംപിഴച്ചു. നിര്‍ണായക കിക്ക് മുതലാക്കി ക്രിസ്റ്റ്യന്‍ ഗംബോവ കോസ്റ്റാറിക്കയെ ജയത്തിലെത്തിക്കുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ മുക്കി. മായാ യോഷിഡ (9), കെയ്സുകെ ഹോണ്ട (40) യാസുകിതോ യെന്ഡോ (44), തകാഷി ഇനു (47, 74) യൊഹെ ടൊയോഡ (69) എന്നിവര്‍ ഹോണ്ടുറാസിന്റെ വലനിറച്ചവര്.
















