957. ഗുരുഃ – ഗുരു എന്ന പദത്തിനു പല അര്‍ത്ഥങ്ങളുള്ളവയില്‍ ഏറ്റവും പ്രധാനം പിതാവ് എന്നതാണ്. ഗര്‍ഭാധാനം ചെയ്തു ജന്മം തന്ന് വാത്സല്യത്തോടെ വളര്‍ത്തി ജീവിതത്തെ നേരിടാനാവശ്യമായ ശിക്ഷണം തന്നു പോഷിപ്പിക്കുന്നതു പിതാവാണ്. പ്രപഞ്ചത്തിനും പിതാവാണു ഭഗവാന്‍. ഭഗവാന്റെ വിശ്വരൂപംകണ്ട് ആശ്ചര്യഭരിതനായ അര്‍ജ്ജുനന്‍
‘പിതാസി ലോകസ്യ ചരാചരസ്യ ത്വ മസ്യ പൂജ്യശ്ച ഗുരുര്‍ ഗരീയാന്‍
സത്വത്സമോളസ്ത്യഭൃധികഃ കുതോളന്യോ ലോകത്രയേ ളപൃ പ്രതിമ പ്രഭാവ”
(അതുല്യമായ പ്രഭാവമുള്ളവനേ, നിന്തിരുവടി ചരാചരാത്മകമായ ഈ പ്രപഞ്ചത്തിന്റെ പിതാവാകുന്നു. അവിടുന്ന് ഏറ്റവും പൂജ്യനും ഗുരുവും ഏറ്റവും ശ്രേഷ്ഠനും ആകുന്നു. മൂന്നു ലോകങ്ങളിലും അങ്ങേയ്‌ക്കു തുല്യനായി ആരുമില്ല. അങ്ങയെക്കാള്‍ മെച്ചപ്പെട്ടവനായി അന്യന്‍ എങ്ങനെയുണ്ടാകും. ഭഗവദ്ഗീത 11-43) എന്നു സ്തുതിക്കുന്നു. ഈ ശ്ലോകം ഗുരുശബ്ദത്തിന്റെ വ്യാഖ്യാനമാണെന്നു പറയാറുണ്ട്.
വിദ്യാധനം ചെയ്യുന്ന ആചാര്യനെ കുറിക്കാനാണ് ഈ പദം അധികം പ്രയോഗിച്ചുകാണുന്നത്. ഏതുവിദ്യ പഠിപ്പിക്കുന്ന ആളും ഗുരുവാണെങ്കിലും ആദ്ധ്യാത്മികജ്ഞാനം തരുന്ന ആചാര്യനാണ് ഈ സ്ഥാനത്തിനര്‍ഹന്‍. അജ്ഞാനമാകുന്ന തിമിരം ബാധിച്ചവന്റെ കണ്ണിനെ ജ്ഞാനമാകുന്ന അഞ്ജനക്കല്ലുകൊണ്ടുരുമ്മി ചികിത്സിക്കുന്ന വൈദ്യനായി ഗുരുവിനെ ആചാര്യന്മാര്‍ അവതരിപ്പിക്കാറുണ്ട്.
(തുടരും)















