സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതും സാമ്പത്തിക പരിപാടികളില്‍ ഏറ്റവും പ്രധാന സ്ഥാനം വഹിക്കാവുന്നതുമായ പദ്ധതിയാണ് ‘പ്രധാനമന്ത്രി ജന്‍ ധന് യോജന’. ‘എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും ഉന്നമനം’ എന്ന കേന്ദ്ര സര്‍ക്കാര്‍നയത്തിന്റെ കാതലാണ് രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്ന ഈ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജന്‍ ധന് യോജന’ പ്രഖ്യാപിച്ചതോടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് മുന്‍ഗണനയുള്ളതും നിര്‍ബന്ധിതവുമായ ദേശീയ ദൗത്യമായി മാറി.
ആധുനിക ബാങ്കിംഗ് സൗകര്യവും ധനകാര്യ സംവിധാനങ്ങളും ചേര്‍ത്ത് രാജ്യം അറിവിന്റെ പുതിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും ബാങ്ക് അക്കൗണ്ട് ഇല്ല . പാവപ്പെട്ടവരും അധഃസ്ഥിതരും ഇപ്പോഴും ഒറ്റപ്പെടുത്തലിന്റെയും ഒഴിവാക്കലിന്റെയും വൃത്തത്തില്‍ തുടരുകയാണ്. ഈ വൃത്തം പൊളിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണ് ജന്‍ ധന് യോജന. ഇതു വഴി ധനം കൃതൃമായി വിനിയോഗിക്കാനും സൂക്ഷിക്കാനും വലിയൊരു വിഭാഗത്തിനു കഴിയും.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെപ്പോലും ബാങ്കിങ് സേവനങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നു സാമ്പത്തിക വികസനത്തില്‍ പങ്കാളികളും ഗുണഭോക്താക്കളുമാക്കാനുള്ള പദ്ധതി പ്രകാരം 10.19 കോടി കുടുംബങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകും. ഇതോടെ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ക്കു തുറന്നുകിട്ടുന്നതു സാന്നിധ്യവും പ്രസക്തിയും വ്യാപകമാക്കാനുള്ള വലിയ അവസരമാണ്.
ഓരോ കുടുംബത്തിലും രണ്ട് അക്കൗണ്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 5000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യമുള്ളതും ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ളതുമായ അക്കൗണ്ടുകളായിരിക്കും ഇവ. അതിനു പുറമെ റുപ്പി കാര്‍ഡ് എന്ന പേരില്‍ പുതിയൊരു ഡെബിറ്റ് കാര്‍ഡുകൂടി നല്‍കും. വിസാ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവയപ്പോലെ സ്വന്തം രാജ്യത്തിന്റെ രൂപയുടെ പേരില്‍ ഡബിറ്റ് കാര്‍ഡ് വരുന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമായി മാറും.
അക്കൗണ്ട് തുടങ്ങുവാന്‍ ലളിതമായ നടപടി ക്രമങ്ങളാണ്. ആധാര്‍ ഉള്ളവര്‍ക്ക് ഇ-കെവൈസി മുഖേന സൗകര്യം. പണമിടപാടുകള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ സജ്ജീകരണം, പണം പിന്‍വലിക്കുന്നതിന് റുപ്പേ കാര്‍ഡ് സൗകര്യം. റുപ്പേ കാര്‍ഡില്‍ ഒരുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സ്, കുറഞ്ഞ ചെലവില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ്, സ്വാവലംബന്‍ വാര്‍ധക്യ പെന്ഷന്, ധനകാര്യ സാക്ഷരത എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്. പദ്ധതിയിലൂടെ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് 30,000 രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക.
പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാങ്കിങ് മേഖലയ്ക്ക് അഭിമാനിക്കാം: ലോകത്ത് ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളുള്ള രാജ്യങ്ങളിലൊന്നായിരിക്കും ഭാരതം. ഇത്രയേറെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതു മൂലം ബാങ്കുകള്‍ക്കു വന്‍ വികസനാവസരമാണു ലഭിക്കുന്നത്. പലിശ ഇനത്തിലും വിവിധ ഫീസുകളുടെ ഇനത്തിലും മറ്റുമായുണ്ടാകുന്ന ബിസിനസ് വര്‍ധന വേറെ. 10.19 കോടി കുടുംബങ്ങള്‍ക്കായി 20.38 കോടി അക്കൗണ്ടുകള്‍ തുറക്കുകയും അവയിലൂടെ വേണ്ടിവരുന്ന ഇടപാടുകള്‍ കൈകാര്യം ചെയ്യുകയും അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ധാരാളം ശാഖകളും എടിഎമ്മുകളും ആരംഭിക്കേണ്ടിവരും. കൂടുതല്‍ നിയമനങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ തൊഴില്‍ മേഖലയ്ക്കും പുത്തനുണര്‍വാകും ഇപ്പോള്‍ത്തന്നെ 12,000 ജനങ്ങള്‍ക്ക് ഒരു ബാങ്ക് ശാഖ എന്നതാണു ദേശീയ ശരാശരി. ബിഹാറിലും മറ്റും 23,000 ജനങ്ങള്‍ക്ക് ഒരു ശാഖ എന്നതാണു സംസ്ഥാന ശരാശരി. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമാണു മെച്ചപ്പെട്ട സ്ഥിതി. 7000 പേര്‍ക്ക് ഒരു ശാഖ എന്നതാണ് കേരളത്തിലെ അവസ്ഥ. 1500 പേരെ ഒരു ഗ്രൂപ്പായി കണ്ട് അവര്‍ക്കായി ബാങ്കിംഗ് സേവനം ഉറപ്പാക്കുകയാണ് പദ്ധതി വിഭാവന ചെയ്യുന്നത്.
പദ്ധതി പ്രകാരം അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ അനുവദിക്കാനുള്ള ചുമതല ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്കു മാത്രമായി നല്‍കാനാണ് ഉദ്ദേശ്യം .ഇത്രയേറെ പോളിസികള്‍ ആരംഭിക്കാനും അവ തുടര്‍ന്നു കൈകാര്യം ചെയ്യാനും പാകത്തില്‍ ഓഫിസ് ശൃംഖല വിപുലമാക്കുന്നതുള്പ്പെടെയുള്ള വിപുലമായ വികസനമായിരിക്കും എല്ഐസിക്കുണ്ടാകുന്നത്.
ബാങ്കുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ ശാഖകള്‍ ആരംഭിക്കും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്ക് ശാഖ ഉണ്ടാകണം. ജനങ്ങള്‍ക്ക് സമീപസ്ഥമായ ശാഖകള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ഉത്പാദന, പശ്ചാത്തല, സേവന മേഖലകള്‍ക്ക് പ്രാമുഖ്യമുറപ്പു വരുത്തി വികസനത്തിന് ആക്കം കൂട്ടണം. ഇതിലുടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ സഹായിക്കാന്‍ കഴിയും. 2015 ജനുവരി 26 ഓടുകൂടി പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്തോടൊപ്പം സാമൂഹ്യമായും സമഗ്രമാറ്റത്തിനാകും നരേന്ദ്ര മോദി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി ജന്‍ ധന് യോജന വഴി തുറക്കുക
സാധാരണ ബജറ്റിലും മറ്റു പ്രസംഗങ്ങളിലുമായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ വിശദമായ രുപരേഖ തയ്യാറാകാന്‍ തന്നെ മാസങ്ങളെടുക്കും. നടപ്പിലാകാന്‍ പിന്നെയും വലിയ കാലതാമസമുണ്ടാകും.’പ്രധാനമന്ത്രി ജന്‍ ധന് യോജന’ അങ്ങനെയല്ല. സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതി ഇതിനോടകം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതുതന്നെ എത്ര ഗൗരവത്തിലാണ് കേന്ദ്രം പദ്ധതിയെ സമീപിക്കുന്നത് എന്ന് വ്യക്തമാക്കുന്നു!
കേരളത്തിന് മടി
സമ്പത്തികരംഗത്ത് വന്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്ന ജന്‍ധന്‍ പദ്ധതിയോട് കേരളത്തിലെ ബാങ്കുകള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. ജോലിഭാരം കൂടുമെന്ന കാരണത്താല്‍ അക്കൗണ്ട് തുറക്കാന്‍ പലരും നിരുത്സാഹപ്പെടുത്തുകയാണ്.
പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നു പറഞ്ഞ് മാനേജര്‍മാര്‍ അക്കൗണ്ട് തുറക്കാന്‍ എത്തുന്നവരെ മടക്കി അയയ്ക്കുന്ന സംഭവങ്ങള്‍ ഏറെയാണ്. നിലവിലുള്ള അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ‘ജന്‍ധന്‍’ പദ്ധതിയിലേക്ക് മാറ്റാനാകും. ഇപ്രകാരം മാറ്റുന്ന അക്കൗണ്ടുകള്‍ക്കും പദ്ധതിയുടെ മുഴുവന്‍ ഗുണഫലങ്ങളും ലഭ്യവുമാകും.
നിലവില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ആവശ്യപ്പെട്ടാല്‍ പുതിയൊരു അക്കൗണ്ട് നല്കാന് ബാങ്കുകള്‍ ബാധ്യസ്ഥരാണ്. പക്ഷെ എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതിന് തയ്യാറാകുന്നില്ല. മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശം നല്‍കാത്തതാണ് കാരണം.
പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പു ചുമതല കാനറാ ബാങ്കിനാണ്. ബാങ്കുകള്‍ തമ്മിലുള്ള ‘പ്രശ്നവും’ ജന്‍ധന്‍ കേരളത്തില്‍ ഇഴയുന്നതിന് കാരണമായിട്ടുണ്ട്. നിലവില്‍ അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും ഉള്ളവര്‍, അക്കൗണ്ട് ഉണ്ട്, കാര്‍ഡ് ഇല്ലാത്തവര്‍, അക്കൗണ്ടും കാര്‍ഡും ഇല്ലാത്തവര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും ‘ജന്‍ധന്‍’ അക്കൗണ്ടിനും ‘റുപ്പി കാര്‍ഡി’നും അര്‍ഹതയുണ്ട്. നിലവില്‍ കാര്‍ഡ് ഉള്ളവര്‍ അത് തിരിച്ചുകൊടുക്കണമെന്നുമാത്രം. അക്കൗണ്ട് മാറ്റണമെന്ന് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രത്യേക ഫോമിന്റെ ആവശ്യമില്ല. ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുപോകണം.
‘റുപ്പി കാര്‍ഡ്’ രണ്ടു തരത്തിലുണ്ട്. പേര് രേഖപ്പെടുത്തിയതും അല്ലാത്തതും. പേരില്ലാത്ത കാര്‍ഡുകള്‍ എല്ലാ ബാങ്കുകളിലും ആവശ്യത്തിന് എത്തിച്ചിട്ടുണ്ട്. പേര് രേഖപ്പെടുത്തിയ കാര്‍ഡ് വേണമെങ്കില്‍ ഏതാനും ദിവസത്തെ കാലതാമസം ഉണ്ടാകും.
അക്കൗണ്ട് തുടങ്ങാന്‍ പറ്റില്ലെന്നു പറയുന്നത് കൃത്യവിലോപമായിട്ട് കണക്കാക്കും. ഇത് സംബന്ധിച്ച് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നല്കിയാല് ഉടന്‍ നടപടിയുണ്ടാകും.ഇതുവരെ 12,55000 ജന്‍ധന്‍ അക്കൗണ്ടുകളാണ് കേരളത്തില്‍ വിവിധ ബാങ്കുകളിലായി എടുത്തിട്ടുള്ളത്. ഇതില്‍ 4,10,000 സീറോ ബാലന്‍സ് അക്കൗണ്ടുകളാണ്. ഇതിനോടകം 3,50,000 ത്തോളം പേര്‍ക്ക് പേര് രേഖപ്പെടുത്തിയ ഡെബിറ്റ് കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: