തിരുവനന്തപുരം: ജനമൈത്രി പോലീസ് അന്താരാഷ്‌ട്ര സെമിനാറിനു മുന്നോടിയായി നടന്ന പ്രദര്‍ശനമത്സരത്തില്‍ എംഎസ്പി സ്‌കൂള്‍ മലപ്പുറത്തെ ടൈബ്രേക്കറില്‍ 3-1ന് എസ്ബിടി തോല്‍പ്പിച്ചു. സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ ബ്രസീലിനെ വിറപ്പിച്ച എംഎസ്പിയ്‌ക്കു മുന്നില്‍ മുട്ടിടിച്ച എസ്ബിടി പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ മികവില്‍ രക്ഷപ്പെടുകയായിരുന്നു.
ജിവി രാജ ടൂര്‍ണമെന്റിന്റെ ചാമ്പ്യന്‍മാരെന്ന തലയെടുപ്പോടെ എത്തിയ എസ്ബിടി തീര്‍ത്തും നിരാശപ്പെടുത്തി. അലക്ഷ്യമായ പാസും ഷൂട്ടുകളും കൊണ്ട് കളിയുടെ രസം കൊല്ലികളാകാന്‍ മത്സരിക്കുകയായിരുന്നു കേരളത്തിന്റെ പ്രഫഷണല്‍ താരങ്ങള്‍.
സുഹൈല്‍, മാഹിന്‍, വിഷ്ണു തുടങ്ങി എംഎസ്പിയുടെ കുട്ടികള്‍ ഉശിരോടെ കളിക്കുന്നതു കണ്ടപ്പോള്‍ എസ്ബിടി ഉണര്‍ന്നു. 20-ാം മിനിട്ടില്‍ പ്രസൂണിന്റെ ആദ്യ കോര്‍ണര്‍ മുഹമ്മദ് അസ്‌ലം ജൂണിയര്‍ അലക്ഷ്യമായ ഹെഡ്ഡറിലൂടെ പാഴാക്കി. തുടരെത്തുടരെ മൂന്ന് കോര്‍ണറുകള്‍ അതേ ശൈലി ആവര്‍ത്തിച്ചു. ഗോളാകുമെന്നു കരുതിയ ഒന്നു രണ്ടു നീക്കങ്ങള്‍ എംഎസ്പിയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും കാര്യമായി ഒന്നും സംഭവിക്കാതെ ആദ്യ പകുതി അവസാനിച്ചു.
പ്രതിരോധത്തിലേക്കു വലിഞ്ഞാല്‍ തിരിച്ചടി േനരിടുമെന്നു മനസിലാക്കിയ ഇരു ടീമും രണ്ടാം പകുതിയില്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു.
അതോടെ പന്തു നിരന്തരം ഗോള്‍ മുഖങ്ങളില്‍ സന്ദര്‍ശനം നടത്തി. എങ്കിലും ഗോള്‍ വീണില്ല. കൂട്ടപ്പൊരിച്ചിലിലും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ കളി ടൈ ബ്രേക്കറിലേക്ക്. എസ്ബിടിയുടെ അലംഭാവം ഒരിക്കല്‍കൂടി തെളിയിച്ച് ആദ്യ ഷൂട്ട് പുറത്തേയ്‌ക്ക്. എന്നാല്‍ അനിവാര്യമായ പരാജയം എസ്ബിടിയ്‌ക്കു നല്‍കാന്‍ എംഎസ്പിക്കും കഴിഞ്ഞില്ല. എംഎസ്പിയുടെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യം കണ്ടത്. ജീന്‍ ക്രിസ്റ്റിന്‍ എന്ന കേരള ഗോളിയുടെ പരിചയസമ്പത്തിനു മുന്നില്‍ എംഎസ്പി പരാജയം ഏറ്റുവാങ്ങി. എസ്ബിടിയ്‌ക്കു വേണ്ടി ഷിബിന്‍ലാല്‍, പ്രസൂണ്‍, സജിത്ത് മാര്‍ട്ടിന്‍ എന്നിവരും എംഎസ്പിക്കുവേണ്ടി സൂഹൈല്‍, അഭിജിത്ത്, സഫീര്‍, ജിഷ്ണു എന്നിവരും കിക്കെടുത്തു.
യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി. എഡിജിപി ബി. സന്ധ്യ, സ്റ്റുഡന്‍സ് പോലീസ് നോഡല്‍ ഓഫീസര്‍ പി. വിജയന്‍, ഡിസിപി അജിതബീഗം, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















