ന്യൂദല്‍ഹി: രാജീവ് പ്രതാപ് റൂഡി, ഗിരിരാജ് സിങ്, രാംകൃപാല്‍ യാദവ്, ബബുല്‍ സുപ്രിയോ എന്നിവരുള്‍പ്പെടെ പത്തിലധികംപേര്‍ പുതിയതായി നരേന്ദ്രമോദി മന്ത്രിസഭയിലെത്തും. ദല്‍ഹിയിലേക്കു ചെല്ലാന്‍ നാലുപേര്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചുകഴിഞ്ഞു. പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ഇന്ന് രാവിലെ ചായസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്‌ക്കു ശേഷം രാഷ്‌ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗവും നടക്കും.
ഇന്നലെ ബിജെപി ആസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഗോവയിലെ പുതിയ മുഖ്യമന്ത്രിയായി ആരോഗ്യമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് പര്‍സേക്കറിനെ തീരുമാനിച്ചു. കേന്ദ്രപ്രതിരോധമന്ത്രാലയത്തിലേക്ക് എത്തുന്ന മനോഹര്‍ പരീഖര്‍ രാജിവെച്ച ഒഴിവിലേക്കാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവു കൂടിയായ പര്‍സേക്കര്‍ വരുന്നത്. ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെയും ബിജെപി യോഗം തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി. നദ്ദ പറഞ്ഞു.
വാരണാസിയില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേരാനായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ വസതിയിലും ചെന്നിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ നടത്തിയ ചര്‍ച്ചകളിലും മന്ത്രിസഭാ പുനസംഘടനാ വിഷയങ്ങള്‍ പരാമര്‍ശിച്ചതായാണ് സൂചന. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിന് കൂടുതല്‍ പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിച്ചേക്കും. സരണില്‍ നിന്നുള്ള രാജീവ് പ്രതാപ് റൂഡി, നവാഡയില്‍ നിന്നുള്ള ഗിരിരാജ് സിങ്, പാടലീപുത്രത്തിലെ എംപിയായ രാംകൃപാല്‍ യാദവ് എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് വിവരം.
രാജസ്ഥാനില്‍ നിന്നും അജ്മീര്‍ എംപി സവര്‍മല്‍ ജാട്ട്, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും ഫത്തേപൂര്‍ എംപി നിരഞ്ജന്‍ ജ്യോതിയുടേയും പശ്ചിമബംഗാളില്‍ നിന്നും ഗായകനായ ബബുല്‍ സുപ്രിയോയുടെയും പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.
ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെയും തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവായ ബന്ദാരു ദത്താത്രേയയുടേയും ടിഡിപി എംപി സുജന ചൗധരിയുടേയും പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു.
















