കൊല്‍ക്കത്ത: അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ അപരാജിത കുതിപ്പിന് വിരാമം. ഇന്നലെ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പൂനെ സിറ്റി എഫ്‌സിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ തകര്‍ത്തുകളഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയുടെ ആദ്യ പരാജയമാണിത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവും മുന്ന് സമനിലയുമായി അപരാജിത കുതിപ്പ് നടത്തിയ കൊല്‍ക്കത്തയെ ഞെട്ടിക്കുന്ന പ്രകടനമാണ് പൂനെ സിറ്റി എഫ്‌സി എവേ പോരാട്ടത്തില്‍ പുറത്തെടുത്തത്. പൂനെക്ക് വേണ്ടി 35-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഡുഡുവും 55-ാം മിനിറ്റില്‍ ഗ്രീക്ക് മുന്‍ സൂപ്പര്‍താരം കോസ്റ്റാസ് കാറ്റ്‌സൊറാനിസും 89-ാം മിനിറ്റില്‍ ഡേവിഡ് കൊളാബയുമാണ് പൂനെയുടെ വിജയഗോളുകള്‍ നേടിയത്. 84-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫിക്രുവാണ് കൊല്‍ക്കത്തയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്. ഇൗ വിജയത്തോടെ പൂനെ സിറ്റി എഫ്‌സി ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളിയില്‍ പരാജയപ്പെട്ടെങ്കിലും 7 കളികളില്‍ നിന്ന് 12 പോയിന്റുമായി അത്‌ലറ്റികോയാണ് തലപ്പത്ത്.
കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമാണ് ഇന്നലെ ഇരുടീമുകളും കളത്തിലിറങ്ങിയത്. അത്‌ലറ്റികോ അപൗല ഇഡലിന് പകരം സുഭാശിഷ് ചൗധരിയെയും ജോഫ്രെക്ക് പകരം ലോബോയെbും മുഹമ്മദ് റാഫിക്ക് പകരമായി ഫിക്രുവിനെയും കളത്തിലിറക്കിയപ്പോള്‍ പൂനെ സിറ്റി എഫ്‌സി അനുപം സര്‍ക്കാരിന് പകരം ധര്‍മ്മരാജ് രാവണനും ഡേവിഡ് ട്രസഗെക്ക് പകരം ഗൂസന്‍സും ഇവാന്‍ ബൊലാഡോക്ക് പകരം ഡുഡുവും കളത്തിലിറങ്ങി.
തുടക്കം മുതല്‍ മികച്ച ആക്രമണം കാഴ്ചവെച്ച പൂനെയാണ് അത്‌ലറ്റികോയേക്കാള്‍ മുന്നിട്ടുനിന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ കളിയുടെ 35-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. ഡേവിഡ് കൊളാബ നല്‍കിയ ക്രോസ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ഡുഡു അത്‌ലറ്റികോ കൊല്‍ക്കത്ത വല കുലുക്കി. പിന്നീട് ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും പൂനെ മികച്ച ആക്രമണം നടത്തി. ഇതിന്റെ ഫലമെന്നോണം 55-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഡേവിഡ് കൊളാബയുടെ പാസില്‍ നിന്ന് കാറ്റ്‌സൊറാനിസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് പുറത്തേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും മഴവില്ലുകണക്കെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചപ്പോള്‍ അത്‌ലറ്റികോ ഗോളി കാഴ്ചക്കാരനായിരുന്നു. പിന്നീട് 84-ാം മിനിറ്റില്‍ ഫിക്രു പെനാല്‍റ്റിയിലൂടെ അത്‌ലറ്റികോക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ ഫിക്രുവിനെ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഫിക്രു പന്ത് അനായാസം വലയിലെത്തിച്ചു. അഞ്ച് മിനിറ്റിനുശേഷം പൂനെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ഡേവിഡ് കൊളാബയാണ് വലയിലെത്തിച്ചത്.
















