ലക്‌നൗ: ലക്‌നൗവിലെ ഒരു പ്രിന്റിംഗ് പ്രസില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നു. ഈ മോഷണത്തിനുമുണ്ട് ചില പ്രത്യേകതകള്‍. മോഷ്ടിച്ചത് കള്ളന്മാരല്ല, തനിക്കള്ളികള്‍ അതും 13 അംഗ സംഘം. സംഭവം പൂര്‍ണമായും വിശ്വസിക്കാം, കാരണം തെളിവിന് സിസിടിവി ദൃശ്യങ്ങളുണ്ട്.
ലക്‌നൗവിലെ ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രസിന്റെ ഉടമ വിനീത് ത്യാഗിയാണ് മോഷണം സിസിടി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. മോഷണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സിസിടിവിയിലുണ്ട്. 12 അടി ഉയരമുള്ള മതില്‍ ചാടിയാണ് സ്ത്രീ മോഷ്ടാക്കള്‍ കെട്ടിടത്തിനുള്ളില്‍ കടന്നത്. കൃത്യമായ ആസൂത്രണത്തോടെ അകത്തു കടന്ന സംഘം വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടിച്ചത്. തിരിച്ചുപോയപ്പോള്‍ അഞ്ചുലക്ഷവും കൊണ്ടുപോയി.
പ്രസിനുള്ളില്‍ പലയിടങ്ങളായി സിസിടിവി സ്ഥാപിച്ചിട്ടുള്ളതിനാല്‍ മോഷ്ടാക്കളുടെ ഓരോ നീക്കവും കാണാന്‍ സാധിക്കും. സ്ത്രീ മോഷ്ടക്കളെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിനീത് ത്യാഗി ശരിക്കും അമ്പരന്നു. സംഘത്തിലെ 13 പേരും 20 വയസുപ്രായമുള്ളവരാണ്.
ജുവലറികളിലും കടകളിലും യാത്രകള്‍ക്കുമിടെ മോഷണം നടത്തുന്ന സ്ത്രീ സംഘടങ്ങളുണ്ടെങ്കിലും വാതില്‍ കുത്തിത്തുറന്ന് ഒറ്റയടിക്ക് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഭവം ലക്‌നൗ പോലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. 14 മിനിറ്റുകൊണ്ടാണ് സംഘം മോഷണം നടത്തിയത്. പുരുഷന്മാരേക്കാള്‍ കൃത്യതയോടെയും ആസൂത്രണത്തോടെയുമാണ് സ്ത്രീ മോഷണ സംഘം എത്തിയതെന്നും പോലീസ് പറയുന്നു. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഇവര്‍ ഇത്രയും വലിയ മോഷണം നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
സംഘത്തിലെ എല്ലാവരും ഷാള്‍ കൊണ്ട് മുഖം പാതി മറച്ചിരുന്നു. പലരുടെയും കൈവശം ടോര്‍ച്ചും ഉണ്ടായിരുന്നു. പുലര്‍ച്ചെ 5.16 ഓടെ അകത്തുകടന്ന സംഘം പ്രധാനപ്പെട്ട മുറികളിലെല്ലാം കയറിയശേഷമാണ് പണവുമായി കടന്നുകളഞ്ഞത്. എന്തായാലും, ലക്‌നൗ പോലീസിന് വരും ദിനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒരാളെ മാത്രമല്ലല്ലോ, 13 ‘കള്ളികളെ’ പിടിക്കണ്ടെ!
















