അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ തിരിച്ചുവരവ് സാധ്യമായില്ല. ആറു വിക്കറ്റ് ജയവുമായി വിരാട് കോഹ്ലിയും സംഘവും പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ആദ്യ ബാറ്റ് ചെയ്ത ലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. ഇന്ത്യ നാലു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് 44.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
തുടക്കത്തില്‍ ഇഴഞ്ഞ ഇന്ത്യയെ അമ്പാട്ടി റായിഡുവിന്റെ (121 നോട്ടൗട്ട്) കന്നി സെഞ്ച്വറി വിജയതീരമണയ്ക്കുകയായിരുന്നു. റായിഡു പത്തു ഫോറുകളും നാലു സിക്സറും പറത്തി. ഓപ്പണര്‍ ശിഖര്‍ ധവാനും (79) വിരാട് കോഹ്ലിയും (49) റായിഡുവിന് മികച്ച പിന്തുണ നല്കി. അജിന്‍ക്യ രഹാനെ (8), സുരേഷ് റെയ്ന (14) എന്നിവര്‍ പരാജയപ്പെട്ടു. ലങ്കയ്ക്കുവേണ്ടി ലെഗ് സ്പിന്നര്‍ സീക്കുഗെ പ്രസന്ന മൂന്നു വിക്കറ്റ് പിഴുതു.
നേരത്തെ, ഇന്ത്യന്‍ സ്ലോ ബൗളര്‍മാരെ നേരിടാന്‍ ലങ്ക ഏറെ പണിപ്പെട്ടു. നായകന് എയ്ഞ്ചലോ മാത്യൂസ് (92 നോട്ടൗട്ട്, 10 ഫോര്‍, ഒരു സിക്സ്) ലങ്കന്‍ സ്കോറിന് മാന്യതയേകി. കുമാര്‍ സംഗക്കാരയും (61) തരക്കേടില്ലാത്ത സംഭാവന നല്കി. വാലറ്റത്തില്‍ ധാമ്മിക പ്രസാദും (28 പന്തില്‍ 30) സിംഹളവീരരെ പിടിച്ചുയര്‍ത്തിയ ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യയ്ക്കുണ്ടി ഉമേഷ് യാദവും അക്ഷര്‍ പട്ടേലും ആര്. അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് പോക്കറ്റിലാക്കി.
















