ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ സ്ഥാനത്തു നിന്ന് പെട്ടെന്ന് മാറ്റിയത് തനിക്ക് അപമാനകരമായെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ വികാരങ്ങള്‍ കണക്കിലെടുക്കാതെയുള്ള ബിസിസിഐയുടെ നടപടി അമ്പരപ്പിച്ചെന്നും ആത്മകഥയായ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’യില്‍ ക്രിക്കറ്റ് ഇതിഹാസം വെളിപ്പെടുത്തി. 1997ലായിരുന്നു സച്ചിന്റെ നായക പദവി നഷ്ടപ്പെട്ടത്.
ശ്രീലങ്കയുമായുള്ള മൂന്നു മത്സരങ്ങളുടെ പരമ്പര സമനിലയിലായതിന് പിന്നാലെ അപ്രതീക്ഷിതമായി ക്യാപ്ടന്‍സിയില്‍ നിന്ന് മാറ്റി. ബിസിസിഐയിലെ ആരും എന്നെ വിളിക്കുകയോ നായകസ്ഥാനത്തു നിന്നു നീക്കുന്ന കാര്യം പറയുകയോചെയ്തില്ല. സ്ഥാനചലനത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ നാണക്കേടു തോന്നി, സച്ചിന്‍ പറയുന്നു.
ആ സമയത്ത് കാര്യങ്ങള്‍ കൈകാര്യംചെയ്ത രീതിയും അതു നല്‍കിയ അനുഭവവും മികച്ച ക്രിക്കറ്ററാകാനുള്ള അഭിനിവേശത്തിന് കൂടുതല്‍ ബലമേകിയെന്നും സച്ചിന്‍ വ്യക്തമാക്കി.
ക്യാപ്ടനായിരുന്നപ്പോള്‍ സഹകളിക്കാര്‍ ‘സ്‌കിപ്പ്’ എന്നു അഭിസംബോധന ചെയ്യുമായിരുന്നു. ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടശേഷമുള്ള ബംഗ്ലാദേശ് പര്യടനത്തിനിടെ ഒരു താരം ‘സ്‌കിപ്പര്‍’ എന്ന് ഉറക്കെവിളിച്ചപ്പോള്‍ അറിയാതെ തിരിഞ്ഞുനോക്കിപ്പോയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കോച്ചെന്ന നിലയില്‍ കപില്‍ ദേവ് പരാജയമായിരുന്നെന്നും ടീമിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പങ്കും വഹിച്ചില്ലെന്നും സച്ചിന്‍ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.
















