ആസ്റ്റംര്ഡാം, ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സൂപ്പര്‍ ക്ലബ്ബുകളുടെ സുഗമയാത്ര. സ്പാനിഷ് കരുത്തരായ ബാഴ്സലോണയും ജര്‍മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിച്ചും പോര്‍ച്ചുഗല്‍ ടീം എഫ്സി പോര്‍ട്ടോയും ഫ്രാന്‍സില്‍ നിന്നുള്ള പിഎസ്ജിയും പ്രീ-ക്വാര്‍ട്ടറില്‍ ഇടംനേടി. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഇംഗ്ലീഷ് സംഘങ്ങള്‍ വെള്ളംകുടിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി സിഎസ്കെഎ മോസ്കോയോടു തോറ്റപ്പോള്‍ ചെല്‍സി മരിബോറിനോട് സമനില വഴങ്ങി.
ഗ്രൂപ്പ് എഫില്‍ ഹോളണ്ടില്‍ നിന്നുള്ള അയാക്സ് ആംസ്റ്റര്‍ഡാമിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബാഴ്സ (9 പോയിന്റ്) തോല്‍പ്പിച്ചത്. ബാഴ്സയുടെ ഗോളുകള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വക. 36, 76 മിനിറ്റുകളിലാണ് മെസി വെടിപൊട്ടിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍ എന്ന പദവിയില്‍ റയല്‍ മാഡ്രിഡ് ഇതിഹാസം റൗളിനൊപ്പം മെസിയും (71) ഇരിപ്പുറപ്പിച്ചു. എഡിന്‍സന്‍ കവാനിയുടെ അതിവേഗ ഗോളിന്റെ ബലത്തില്‍ അപ്പോയലിനെ അതിജീവിച്ച് ഫ്രഞ്ച് പട പിഎസ്ജിയും (10 പോയിന്റ്) ഇതേ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തി. 1-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട കവാനി പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറി ഗോളുകളിലൊന്നിന് പിറവികൊടുത്തു.
ഗ്രൂപ്പ് ഇയില്‍ ബയേണ്‍ ഇറ്റലിക്കാരായ റോമയെ 2-0ത്തിന് പറഞ്ഞയച്ചു. ഫ്രാങ്ക് റിബറി (38-ാം മിനിറ്റ്), മരിയോ ഗോട്സെ (68) എന്നിവര്‍ ബയേണിന്റെ സ്കോര്‍മാര്‍. 12 പോയിന്റോടെയാണ് പ്രീ-ക്വാര്‍ട്ടറിലേക്കുള്ള ജര്‍മന്‍ അതികാരുടെ സഞ്ചാരം. സസെയ്ദു ദൗബിയയുടെ ഡബിള്‍ സ്്ട്രൈക്ക് (2, 34) എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നാണംകെടുത്താന്‍ സിഎസ്കെഎയെ സഹായിച്ചു. 8-ാം മിനിറ്റില്‍ യായ ടൂറെ സിറ്റിക്കുവേണ്ടി ഒരു ഗോള്‍ മടക്കി. 9 പേരുമായാണ് സിറ്റി കളി പൂര്‍ത്തിയാക്കിയത്. 2 പോയിന്റ് മാത്രം പോക്കറ്റിലുള്ള സിറ്റിയുടെ പ്രതീക്ഷകള്‍ ഇതോടെ ഏറെക്കുറെ അസ്തമിച്ചു.
ഗ്രൂപ്പ് എച്ചില് അത്ലറ്റിക്കോ ബില്‍ബാവോയെ പോര്‍ട്ടോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അങ്ങനെ പത്തു പോയിന്റുകള്‍ പോര്‍ട്ടോ അക്കൗണ്ടിലാക്കി. ഉക്രൈന് കൂട്ടം ഷാക്തര്‍ ഡൊനെറ്റ്സ്ക് ബേറ്റി ബോറിസോവിനെ നിലംപരിശാക്കി (5-0). ലൂയിസ് അഡ്രിയാനോയുടെ ഹാട്രിക്ക് മത്സരത്തിലെ സവിശേഷത.
ജി ഗ്രൂപ്പില്‍ സ്ലൊവേനിയന്‍ കൊടിപാറിക്കുന്ന മരിബോര്‍ 1-1ന് ചെല്‍സിക്ക് കൂച്ചുവിലങ്ങിട്ടു. ഈഡന് ഹസാര്‍ഡ് പെനാല്‍റ്റി തുലച്ചത് ചെല്‍സിക്ക് വിനയായി. ഷാല്‍ക്കെയെ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ രണ്ടിന് നാലെണ്ണം പകരംനല്കി വിരട്ടിയോടിച്ചു. നാനിയും സ്പോര്‍ട്ടിംഗിന്റെ സ്കോര്‍ ഷീറ്റില്‍ പേരെഴുതിച്ചേര്ത്തവരില്പ്പെടുന്നു. ചെല്‍സിയും (8 പോയിന്റ്) ഷാല്‍ക്കെയും (5) ഗ്രൂപ്പിലെ മുമ്പന്മാര്.
















