ന്യൂദല്‍ഹി: അവിവിവാഹിതരായ ബോക്സിംഗ് താരങ്ങളെ ഗര്‍ഭ പരിശോധനക്ക് വിധേയമാക്കിയ ബോക്സിംഗ് ഇന്ത്യയുടെ നടപടി വിവാദത്തില്‍. ദക്ഷിണകൊറിയയില്‍ ആരംഭിക്കുന്ന ലോകബോക്സിംഗ് ചാമ്പ്യഷിപ്പിന് തയ്യാറെടുക്കുന്ന എട്ട് ബോക്സിംഗ് താരങ്ങളെയാണ് നിര്‍ബന്ധിത ഗര്‍ഭ പരിശോധയ്ക്ക് വിധേയമാക്കിയത്.
ഇത്തരത്തില്‍ 18 വയസ് പോലും പൂര്‍ത്തിയാകാത്ത ജൂനിയര്‍ താരങ്ങളെ പോലും പരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്ഷേപമുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷന്റെ നിയമമനുസരിച്ചാണ് ഇവരെ പരിശോധിച്ചതെന്ന് ബോക്സിംഗ് ഇന്ത്യ വ്യക്തമാക്കി.ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് കായികവകുപ്പ് സെക്രട്ടറി അജിത് ശരണ്‍ അറിയിച്ചു.
അവിവാഹിതരുടെ ഗര്‍ഭ പരിശോധന നിയമവിരുദ്ധമെന്ന് സായി കണ്‍സള്‍ട്ടന്റും ഇന്ത്യന്‍ ഫെഡറേഷന് ഓഫ് സ്പോര്‍ട്സ് മെഡിസിന് പ്രസിഡന്റുമായ ഡോ. പിഎസ് എം ചന്ദ്രന് അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലാണ് പരിശോധനയെന്ന് അറിയില്ലെന്നും ഡോ. ചന്ദ്രന് പറഞ്ഞു.
താരത്തിന്റെ താല്പര്യവും ആരോഗ്യവും കണക്കിലെടുത്താണ് ഇത്തരം നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം പരിശോധനകള്‍ മെഡിക്കല്‍ എത്തിക്സിന് എതിരാണെന്നും ഗര്‍ഭിണിയാണോ അല്ലയോ എന്നത് താരം തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും ഡോ.ചന്ദ്രന് അഭിപ്രായപ്പെടുന്നു.
അഖിലേന്ത്യാ ബോക്സിംഗ് അസോസിയേഷന്റെ മാനദണ്ഡമനുസരിച്ച് വനിതാ മത്സരാര്‍ത്ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്ഭിണിയല്ലന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഇന്ത്യയില്‍ മാത്രമല്ല ഒട്ടു മിക്ക രാജ്യങ്ങളും ഇത്തരം പരിശോധനകള്‍ നിഷ്കര്‍ഷിക്കാറുണ്ടെന്നും ബോക്സിംഗ് ഇന്ത്യ പ്രസിഡന്റ് ജെയ് കോവ്ലി പറഞ്ഞു.
















