ആഗ്രയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍എസ്‌എസ് നടത്തിയ യുവ സങ്കല്‍പ്പ ശിബിരത്തില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പ്രസംഗിക്കുന്നു
ന്യൂദല്‍ഹി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍എസ്എസ് പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്രത്തിലെ ബ്രജ് പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന ശിബിരത്തില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിക്ക് പ്രഭാഷണം നടത്താനായില്ല.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍കരസേന മേധാവിയുമായ ജനറല്‍ വി.കെ.സിങിനാണ് ആഗ്രയില്‍ നടന്ന യുവ സങ്കല്‍പ്പ ശിബിരത്തില്‍ പ്രസംഗാവസരം നഷ്ടമായത്.
ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഭാഷണം നിശ്ചയിച്ചത്. രാജ്യം നേരിടുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. എന്നാല്‍ വി. കെ സിങ് എത്തിയപ്പോള്‍ 12.40 ആയി.
പ്രഭാഷണ പരിപാടി കൃത്യസമയത്തു തന്നെ നടന്നു. വ്യക്തികളില്‍ അച്ചടക്കം പരിശീലിപ്പിക്കുന്നത് സംഘടന അതിന്റെ പരിപാടികളില്‍ അച്ചടക്കം പാലിച്ചുകൊണ്ടാണെന്ന് സംഭവത്തെപ്പറ്റി ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് പ്രതികരിച്ചു. കേന്ദ്രമന്ത്രി വൈകിയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും അതിനാലാണ് പ്രസംഗിക്കാനാവാതെപോയതെന്നും പ്രചാര്‍ വിഭാഗിന്റെ ചുമതലയുള്ള വീരേന്ദ്ര വര്‍ഷണേയ പ്രതികരിച്ചു.
സംഘടനയുടെ നിയമങ്ങള്‍ നിയമങ്ങളാണെന്നും അതിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. സംഘത്തെ മനസ്സിലാക്കണമെങ്കില്‍ ശാഖകളിലേക്ക് വരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ശിബിരത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.
സര്‍സംഘചാലക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അധികാരികള്‍ പൂര്‍ണ്ണസമയമുണ്ടായിരുന്ന ശിബിരത്തില്‍ 5,500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ സൈനികര്‍ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ സൈനികന്‍ ഹേംരാജിന്റെ ഭാര്യ, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എംപി എന്നിവര്‍ പങ്കെടുത്തു.
















