കിസ്റ്റ്യാനോയും ബെയ്‌ലും പരിശീലനത്തിനിടെ
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ജേതാക്കളും ഇംഗ്ലീഷ് ജൈന്റ്‌സുമായ ലിവര്‍പൂളിന് ഇന്നു ജീവന്‍മരണ പോരാട്ടം.
പ്രീ- ക്വാര്‍ട്ടര്‍ സാധ്യതയുടെ ഒരു നൂലിഴയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ റെഡ്‌സിന് ഇന്നു ജയിക്കണം. എന്നാല്‍ അതത്ര എളുപ്പമാവില്ല. കാരണം നെഞ്ചിടിപ്പേറ്റുന്ന ഗ്രൂപ്പ് ബി അങ്കത്തില്‍ അവരെ കാത്തിരിക്കുന്നത് അതികായരില്‍ അതികായരായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡാണ്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനു സുല്ലിട്ട ലിവറിന് സാന്റിയാഗോ ബെര്‍ണബ്യൂവിലെ കളത്തില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. രാത്രി 1.15നാണ് മത്സരാരംഭം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഗോള്‍ മെഷീനിലാണ് ഏവരുടെയും കണ്ണ്. റയലിന്റെ തന്നെ മുന്‍താരം റൗളിനെ താണ്ടി ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോളടിവീരനാകാന്‍ ഒരുങ്ങുകയാണ് സിആര്‍7. ആ പോര്‍ച്ചുഗീസ് പ്രതിഭയുടെ ഫിനിഷിങ് പാടവത്തിനൊപ്പം ടോണി ക്രൂസിന്റെയും ലൂക്കാ മോഡ്രിച്ചിന്റെയും ജയിംസ് റോഡ്രിഗസിന്റെയും കരീം ബെന്‍സേമയുടെയുമൊക്കെ ബൂട്ടുകളിലും റയല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. മറുവശത്ത് പ്രീമിയര്‍ ലീഗില്‍ നാലു തോല്‍വികള്‍ വഴങ്ങിയ ലിവര്‍പൂളിന് കാര്യങ്ങള്‍ പന്തിയല്ല.
സ്റ്റീവന്‍ ജെറാഡ് ഉള്‍പ്പെടെയുള്ളവര്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. റീ മാച്ചിലും റയലിന് മുന്‍തൂക്കമെന്ന് സാരം. ഇതേ ഗ്രൂപ്പില്‍ ബാസലും ലൂഡോഗോരറ്റ്‌സും ഇന്നു മല്ലിടും.
മറ്റു കളികള്‍- ഗ്രൂപ്പ് എ: മാല്‍മോ- അത്‌ലറ്റിക്കോ മാഡ്രിഡ്, ജുവന്റസ്- ഒളിംപ്യാകോസ്. ഗ്രൂപ്പ് സി: ബെന്‍ഫിക്ക- മൊണാക്കോ, ബെയര്‍ ലെവര്‍കൂസന്‍- സെനിത് ഗ്രൂപ്പ് ഡി: ബൊറൂസിയ ഡോര്‍ട്ട്മുണ്ട്- ഗലാറ്റസരെ, ആഴ്‌സനല്‍- ആന്‍ഡര്‍ലെഷ്.
















