ന്യൂദല്‍ഹി: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് പരാതി നല്‍കിയ മേരിദാസനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേരിദാസന്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ട്രൈബൂണലിന്റെ നടപടി. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും തന്റെ അറിവോടെയല്ല കേസില്‍ പരാതി നല്‍കിയതെന്നും മേരിദാസന്‍ പറഞ്ഞു.
കേസിലെ മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിനെ വിളിച്ചു വരുത്താന്‍ കോടതി നോട്ടീസ് അയച്ചു. അതേസമയം, പരിസ്ഥിതി പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ പരാതിക്കാര്‍ പിന്മാറിയാലും കേസ് തുടരുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ട്രൈബ്യൂണല്‍ തീരുമാനിച്ചു. മേരിദാസന്റെയും മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിന്റെയും വാദം തള്ളണമെന്ന് തുറമുഖ കമ്പനിയും കേന്ദ്ര സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിന് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൂടി അപേക്ഷ നല്‍കി. വെട്ടുകാട് സ്വദേശി എലിസബത്ത് ആന്റണി, ബീമാപള്ളി സ്വദേശി മെഹദാദ് എന്നിവരാണ് അപേക്ഷ നല്‍കിയത്.
















