അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ്
ബല്‍ഗാം (കര്‍ണാടക): വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളിലായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തെറ്റായി വിനിയോഗിക്കുന്നതായി അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം), അഖിലേന്ത്യ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.
ഉത്തര കര്‍ണ്ണാടകയിലെ ബല്ഗാളില് നടക്കുന്ന ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രമേയം അവതരിപ്പിച്ചത്. എസ്എസ്എ, ആര്‍എംഎസ്എ, യുജിസി ഗ്രാന്റ് ഇനങ്ങളില്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ അതാതു മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നത്.
പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരം ലക്ഷ്യമിട്ട് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷാ അഭിയാന് (എസ്എസ്എ) പദ്ധതിക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള താവളമായും സൗജന്യ പുസ്തക വിതരണംപോലുള്ള അപ്രധാന മേഖലകളിലുമാണ് കേരളം ഉന്നല്‍ നല്‍കുന്നതെന്ന് ആക്ഷേപമുയര്‍ന്നു.
കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്കൂള്‍ പദ്ധതിയുടെ നിയന്ത്രണത്തിലുള്ള വിക്ടേഴ്സ് ചാനല്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാതിരുന്നതും പ്രമേയം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ എസ്എസ്എ ഫണ്ടില്‍ നിന്ന് അനുവദനീയമായതില്‍ കൂടുതല്‍ വിഹിതം ശമ്പളയിനത്തില്‍ ചെലവിടുന്നു. കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്മൂലം തസ്തിക നഷ്ടം സംഭവിച്ച് ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്ക് ഫലപ്രദമായ പുനര്‍നിയമനം നല്‍കാനുള്ള സാഹചര്യം കേരള സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കുള്ള ശബളത്തിന് എസ്എസ്എ ഫണ്ടിനെ ആശ്രയിക്കാനുള്ള സാധ്യത തള്ളിക്കണയാനാവാത്ത അവസ്ഥയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
യുജിസി ഗ്രാന്റുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയതും യോഗത്തില്‍ ചര്‍ച്ചയായി. ഭരണകക്ഷിയുടെ താത്പര്യസംരക്ഷകര്ക്ക് സര്‍വ്വകലാശാലകള്‍ തീറെഴുതിക്കൊടുത്ത അവസ്ഥയാണ് കേരളത്തിലെന്നും ഗവര്‍ണറുടെ ഇടപെടല്‍ ആശ്വാസമേകുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഫണ്ടിന്റെ തെറ്റായ വിനിയോഗം നിരീക്ഷിക്കണമെന്നും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍ യോഗത്തില്‍ ധാരണയായി. ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പ്രമേയം അവതരിപ്പിച്ചു. എബിആര്‍എസ്എം ദക്ഷിണ ഭാരത സംഘടനാ കാര്യദര്‍ശി പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് കേരളത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന വൈസ്പ്രസിഡന്റ് ഡി. അശോക് ബാദൂര്‍, സംസ്ഥാന സെക്രട്ടറിമാരായ ബി. ഭാസ്കര, എ. ബാലകൃഷ്ണന്, സംസ്ഥാനസമിതിയംഗങ്ങളായ എം. ശങ്കര്‍, എം. ചന്ദ്രഹാസന്‍ എന്നിവരാണ് മറ്റ് പ്രതിനിധികള്‍. 28സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നവംബര്‍ 2-ന് സമാപിക്കും.
















