ന്യൂദല്‍ഹി: ഭാരതം ഒരു ബനാന റിപ്പബ്‌ളികോ ഭാരതീയര്‍ മാംകോ പീപ്പിളോ അല്ലെന്ന് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര മനസ്സിലാക്കണമെന്ന് ബിജെപി വക്താവ് സമ്പിത്ത് പത്ര. അഴിമതിയാരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പെരുമാറ്റമെന്നും വാദ്രയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വാദ്രയുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടു. കൊള്ളക്കാരനായ റോബര്‍ട്ട് വാദ്രയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുകയാണ് വേണ്ടതെന്നും വാദ്രയ്‌ക്കുള്ള എസ്പിജി സുരക്ഷ അവസാനിപ്പിക്കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
വാദ്രയുടെ നടപടിയെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചു. വാദ്ര മാപ്പ് പറയണമെന്നും എന്‍സിപി വക്താവ് നവാബ് മാലിക് ആവശ്യപ്പെട്ടു. വാദ്രയുടെ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു. സിപിഐ നേതാവ് എ. രാജയും വാദ്രയുടെ നടപടിയെ അപലപിച്ചു. വാദ്ര നിരുപാധികം മാപ്പുപറയണമെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ റോബര്‍ട്ട് വാദ്രയുടെ വിടിന് മുമ്പിലെ സെക്യൂരിറ്റി വര്‍ദ്ധിപ്പിച്ചു.
















