ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെയുണ്ടായ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 300ലേറെപ്പേര്‍. വിവരാവകാശ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ കണക്കാണിത്.
മായാവതിയുടെ നേതൃത്വത്തിലെ ബിഎസ്പി സര്‍ക്കാരിന്റെയും മുലായം സിംഗ് യാദവിന്റെ എസ്പി (സമാജ് വാദി പാര്‍ട്ടി)യുടെയും ഭരണകാലയളവില്‍ യുപിയില്‍ നിലനിന്ന ക്രമസമാധാനരഹിതമായ സാമൂഹിക പശ്ചാത്തലത്തെ ഈ കണക്കുകള്‍ അടിവരയിടുന്നു. എസ്പിയുടെ അഖിലേഷ് യാദവാണ് ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി. മുസാഫര്‍നഗര്‍ കലാപമടക്കമുള്ളവ തടയുന്നതില്‍ അഖിലേഷ് യാദവും പരാജയപ്പെട്ടിരുന്നു. കലാപങ്ങളിലെ നാശനഷ്ടത്തിന്റെ തോതും യുപി സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
2005-14 കാലയളവില്‍ യുപിയിലെ വിവിധ ഭാഗങ്ങളിലായി 1,271 കലാപങ്ങളുണ്ടായി. അവയില്‍ 336 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 3,107 പേര്‍ക്ക് പരിക്കേറ്റു. 2013ലാണ് ഏറ്റവുമധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്, 247 എണ്ണം. ആവര്‍ഷം 77 പേര് മരിക്കുകയും 360 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2005ല്‍ 12 സംഭവങ്ങളിലായി 47 ഉം തൊട്ടടുത്തവര്‍ഷം 113 സംഘര്‍ഷങ്ങളില്‍ 42 പേരും കൊല്ലപ്പെട്ടു. 2007ല്‍ 138 സാമുദായിക സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, 37 പേര് മരിച്ചു; 397 പേര്‍ക്ക് പരിക്കേറ്റു. 2009ല്‍ സാമുദായിക അസ്വാരസ്യങ്ങള്‍ കാര്യമായി വര്‍ധിച്ചു. അക്കുറി 159 സംഭവങ്ങളില്‍ 32 പേര് കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 525ആയി ഉയര്‍ന്നു. 2008 (114 കലാപങ്ങള്‍, 18 മരണം, 408 പരിക്ക്), 2010 (121, 22 മരണം), 2011 (84, 12 മരണം), 2012 (118, 39 മരണം) എന്നിങ്ങനെ മറ്റുചില വര്‍ഷങ്ങളിലെ കണക്കുകള്‍.
















