കൊല്‍ക്കത്ത: സംഘര്‍ഷ ബാധിതമായ ബിര്ദം സന്ദര്‍ശനത്തിന് പ്രതിപക്ഷ നേതാക്കളെ വിലക്കിയതിനു പിന്നാലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിച്ചു. ഇവര്‍ക്ക് ഗ്രാമനിവാസികളോടു സംസാരിക്കാനും അനുവാദം നല്‍കിയില്ല.
ഒക്ടോബര്‍ 27ന് നടന്ന അക്രമത്തില്‍ മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ അനുഭാവികളുമാണ് ഏറ്റുമുട്ടിയത്. ജനങ്ങള്‍ സംഘം ചേരുന്നതിനെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. തങ്ങളുടെ പ്രതിനിധികളെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ ബിജെപി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഗ്രാമവാസികള്‍ പലരും സ്ഥലം വിട്ടുപോവുകയാണ്. പോലീസ് അന്യായമായി തങ്ങളെ പീഡിപ്പിക്കുകയാണെന്നും അറസ്റ്റ് ചെയ്യുകയാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഭയപ്പാടോടെയാണ് ഗ്രാമവാസികള്‍ കഴിയുന്നത്. അറസ്റ്റ് ചെയ്തവരെ പിന്നീട് പോലീസ് വിട്ടയച്ചെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്.
ഇതിനിടെ ജില്ലാ ഭരണകൂടം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കാതിരുന്നതാണ് ഇവ നല്കാന് വൈകിയതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് മോഹന്‍ഗാന്ധി പറഞ്ഞത്. ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് പടിഞ്ഞാറന്‍ മേഖല ഐജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇടപെടണമെന്ന് ബിജെപി, ഇടതുനേതാക്കള്‍ ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് നേതാക്കളോട് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
















