അജിത് ഡോവല്‍
ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവല്‍. മമതാ ബാനര്‍ജി ഭരണത്തിന്‍കീഴില്‍ ദേശവിരുദ്ധ ശക്തികള്‍ ബംഗാളിനെ സുരക്ഷിതതാവളമാക്കി മാറ്റുന്നുവെന്നത് അപകടകരമായ പ്രവണതയാണ്. ബര്‍ദ്വാന്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോവല്‍ കഴിഞ്ഞ 27 ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ദേശീയാന്വേഷണ വിഭാഗം സൂക്ഷ്മപരിശോധനക്കായി ഒക്‌ടോബര്‍ പത്തിന് സ്ഥലത്തെത്തിയിരുന്നു. വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചതിന്‌ശേഷമാണ് മമതയെ കാണുവാന്‍ ചെന്നത്. എന്നാല്‍ ജമാ അത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാേദശിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷങ്ങളായി തഴച്ചുവളരുകയായിരുന്നുവെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്.
സംഭവം നടന്നയുടന്‍ സര്‍ക്കാര്‍ ശരിയായ നടപടി കൈക്കൊണ്ടിരുന്നുവെങ്കില്‍ വഷളാകില്ലായിരുന്നു. ലോക്കല്‍ പോലീസ് പ്രാഥമികാന്വേഷണത്തില്‍ത്തന്നെ തെളിവുകള്‍ നശിപ്പിക്കുകയാണ് ചെയ്തത്. ഡോവല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമാണ് അന്വേഷണത്തോട് സഹകരണമുണ്ടായത്. ലോകനിലവാരത്തില്‍ത്തന്നെ ശാഖോപശാഖകളായി വളര്‍ന്ന ഈ പ്രസ്ഥാനത്തെക്കുറിച്ചനേ്വഷിക്കാന്‍ എന്‍ഐഎയുടെ സഹകരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം മമതയോട് വിശദീകരിക്കുകയും ചെയ്തു.
ജെഎംബിയെ പ്രത്യക്ഷമായി സഹായിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും സംസ്ഥാനത്ത് താഴെത്തട്ടുവരെ അവര്‍ പടര്‍ന്നുപന്തലിച്ചതിന് കാരണം ബംഗാളിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളാണെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഇവരോട് മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. ബംഗ്ലാദേശികളുടെ അനധികൃതമായ കടന്നുകയറ്റം തടയാന്‍ യാതൊരു നടപടികളും മമത സര്‍ക്കാര്‍ കൈക്കൊള്ളാത്തതാണ് സംഘടനയുടെ വളര്‍ച്ചക്ക് വഴിയൊരുങ്ങിയത്.
ബംഗാളില്‍ ഏകദേശം നാലായിരത്തോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ അഞ്ഞൂറെണ്ണത്തിന് മാത്രമേ അംഗീകാരമുള്ളൂ. അധികാരത്തിലെത്തുന്ന ബംഗാളിലെ സര്‍ക്കാരുകള്‍ അനധികൃത കടന്നുകയറ്റം തടയാന്‍ സത്വര നടപടികള്‍ എടുക്കാതിരുന്നതാണ് ഗ്രാമങ്ങളില്‍വരെ ഇവര്‍ക്കു വ്യാപിക്കാന്‍ കഴിഞ്ഞത്. ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് മുമ്പ് ഏകദേശം അറുപതോളം വിഭാഗങ്ങള്‍ സംസ്ഥാനത്ത് സജീവമായ പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
വളരെ സംഘടിതമായ സംവിധാനമാണ് സംഘടനക്കുള്ളത്. മൂന്ന് തട്ടുകളായിട്ടാണ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ളത്. ഏറ്റവും മുകളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകരാണ്. ജില്ലാതലത്തില്‍ ഭാഗികമായ സമയം സംഘടനക്ക് വിനിയോഗിക്കുന്നവരാണ്. ഏറ്റവും താഴെതട്ടിലുള്ളവര്‍ ഇവരുടെ പ്രവര്‍ത്തനത്തിന് പരോക്ഷമായ സഹായം നല്‍കുന്നവരുമാണ്. സര്‍വ്വകലാശാലകളില്‍നിന്നോ മദ്രസകളില്‍നിന്നോ ഉള്ളവരാണ് കാഡര്‍മാരില്‍ കൂടുതലും. കല്‍പ്പണി നടത്തുന്നവരും താഴെത്തട്ടില്‍ പണിയെടുക്കുന്നവരും പ്രവര്‍ത്തകരായുണ്ട്.
ബംഗ്ലാദേശി പോലീസ് ഏഴ് ജെഎംബി പ്രവര്‍ത്തകരെ സപ്തംബര്‍ 19 ന് ഡാക്കയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഷഹീദ് എന്നറിയപ്പെടുന്ന അബ്ദുള്ള അല്‍ നസ്‌നീം ഉള്‍പ്പെടും. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന വാദവുമായി സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്നുണ്ടെന്ന് ഡോവല്‍ അവകാശപ്പെട്ടു.
കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎംബി തലവന്‍ സെയ്ദുര്‍ റഹ്മാന്റെ മരുമകന്‍ ജാവേദ് അക്തറുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഷഹീദ് സമ്മതിച്ചു. ബംഗ്ലാദേശ് കേന്ദ്രമായുള്ള സര്‍വ്വകലാശാലകളില്‍നിന്ന് കൂടുതല്‍ ബിരുദധാരികളായ യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം നല്‍കുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സംഘടനയുടെ വളര്‍ച്ചക്ക് വന്‍തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും ജെഎംബിയുടെ വിശദമായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഷഹീദിന്റെ കുറ്റസമ്മതത്തെത്തുടര്‍ന്ന് താമസിയാതെ എന്‍ഐഎ കുറ്റപത്രം തയ്യാറാക്കും. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഡാക്കയിലേക്ക് പോകും.
2010 നു ശേഷമാണ് ജെഎംബിയുടെ പ്രവര്‍ത്തനം ബംഗാളില്‍ വ്യാപകമായത്. തുടക്കത്തില്‍ പത്ത് അംഗങ്ങളും രണ്ട് ശാഖകളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് അറുപത് ശാഖകളായി വര്‍ധിച്ചിരിക്കുകയാണ്. ബംഗാള്‍ സര്‍ക്കാര്‍ സംഘടനയുടെ വളര്‍ച്ച പുഷ്ടിപ്പെടുത്തുന്നതിനുള്ള സഹായം നല്‍കുന്നുവെന്നാണ് പറയുന്നത്. സംസ്ഥാന ഏജന്‍സിയുടെ പരിപൂര്‍ണ സഹകരണമില്ലാതെ കേന്ദ്ര കുറ്റാനേ്വഷണ വിഭാഗത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
















