ഛണ്ഡീഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര സര്‍ക്കാരിന് 44 കോടി രൂപ നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോര്‍ട്ട്.
ഭൂമി ഇടപാടുകളിലെ ക്രമക്കേടുകള്‍ക്ക് നേരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചു.
വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന് ഹരിയാന സര്‍ക്കാര്‍ ഭൂമി കൈമാറിയത് ചട്ടവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
ഗുഡ്ഗാവില്‍ 3.5 ഏക്കര്‍ സ്ഥലം കൈമാറുമ്പോള്‍ വദ്രയുടെ കമ്പനിക്ക് ഒരു ലക്ഷം രൂപ മാത്രമായിരുന്നു ആസ്തി. കമ്പനിയുടെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെയാണ് ഹൂഡ സര്‍ക്കാര്‍ ഭൂമിയിടപാട് നടത്തിയത്. ഈ ഭൂമി പിന്നീട് 58 കോടി രൂപയ്‌ക്ക് ഡിഎല്‍എഫിന് വിറ്റു. ഈ ഇടപാടില്‍ വദ്രയ്‌ക്ക് ലാഭം 43.66 കോടി.
സര്‍ക്കാരും സ്‌കൈ ഹോസ്പിറ്റാലിറ്റിയും തമ്മിലുള്ള കരാര്‍ പ്രകാരം 2.15 കോടി രൂപ മാത്രം കമ്പനിയെടുത്ത് ബാക്കി തുക സര്‍ക്കാരിന് കൈമാറണം. വദ്ര പണം നല്‍കാത്തതിനാല്‍ 41.51 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ റോബര്‍ട് വദ്ര അസഭ്യവര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാനും ക്യാമറ ഓഫ് ചെയ്യാനും വദ്ര ശ്രമം നടത്തി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി റോബര്‍ട് വദ്രയുടെ ഓഫീസ് രംഗത്തെത്തി. സ്വകാര്യചടങ്ങായതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രതീക്ഷിച്ചില്ലെന്നും ചോദ്യം ചോദിച്ചത് എഎന്‍ഐയുടെ പ്രതിനിധിയാണെന്ന് വദ്രയ്‌ക്ക് അറിയില്ലായിരുന്നെന്നും ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.
വദ്രയ്‌ക്കെതിരെ പോലീസില്‍ കേസ് കൊടുക്കണമോ എന്ന് പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു.
സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















