രാമേശ്വരം : മയക്കുമരുന്നിടപാടുബന്ധം ആരോപിച്ച് ശ്രീലങ്ക വധശിക്ഷക്ക് വിധിച്ച അഞ്ച് ഭാരതീയരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ നിരാഹാരമനുഷ്ടിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം. ഇതിനെ അനുകൂലിച്ച് 3000ല്‍ അധികം തീരദേശവാസികളും പ്രദേശിക രാഷ്‌ട്രീയ പാര്‍ട്ടികളും നിരാഹാരത്തില്‍ പങ്കെടുത്തു.
2011 ലാണ് തമിഴ്‌നാട് സ്വദേശികളായ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. വടക്കന്‍ തീരദേശപ്രദേശമായ ജാഫ്‌ന വഴി ഹെറോയിന്‍ എത്തിച്ചെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മൂന്ന് വര്‍ഷത്തിലേറെയായി വിചാരണത്തടവുകാരായി കഴിഞ്ഞുവരികയായിരുന്നു ഇവര്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഭാരതീയര്‍ ഉള്‍പ്പടെ എട്ടംഗ സംഘത്തെ വധശിക്ഷക്ക് വിധിച്ചുകൊണ്ട് ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടത്. ഇതില്‍ മൂന്നുപേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്. വിധി പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം നടന്നുവരികയാണ്. കൂടാതെ വധശിക്ഷ നിര്‍ത്തലാക്കുന്നത് വരെ നിരാഹാരം നടത്തുമെന്നും മത്സ്യത്തൊഴിലാളി അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
















