ന്യൂദല്‍ഹി: വിദേശബാങ്കുകളിലൊന്നും തനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രണീത് കൗറിന്റെ വാദം പൊളിയുന്നു. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച, വിദേശ അക്കൗണ്ട് ഉടമകളായ 627 പേരുടെ പട്ടികയില്‍ പ്രണീതും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.
കള്ളപ്പണക്കാര്‍ക്കെതിരായ നടപടി നരേന്ദ്ര മോദി സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയ വേളയിലാണ് പ്രണീത് പൊളിവചനങ്ങള്‍ തൊടുത്തത്. പുതിയ വിവരങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എച്ച്എസ്ബിസിയുടെ സ്വിറ്റ്‌സര്‍ലാന്റിലെ മാതൃശാഖയിലായിരുന്നു മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യകൂടിയായ പ്രണീത് അക്കൗണ്ട് തുറന്നിരുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. ഇപ്പോള്‍ ആ അക്കൗണ്ടില്‍ പണമില്ല. ഇടപാടുകള്‍ അപൂര്‍ണവുമായിരുന്നു. 2006നു മുന്‍പ് പ്രണീതിന്റെ സ്വിസ് അക്കൗണ്ടില്‍ നിന്ന് ഒടുവിലത്തെ പണവും പിന്‍വലിക്കപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കള്ളപ്പണക്കാരില്‍പ്പെട്ട ഡാബര്‍ പ്രൊമോട്ടര്‍ പ്രദീപ് ബര്‍മ്മന്റെ സ്വിസ് അക്കൗണ്ട് ഇപ്പോഴും സജീവം തന്നെ. 50 കോടിരൂപ അതിലെ നിക്ഷേപം. ഗോവയിലെ ഖനന കമ്പനിയായ ടിബ്ലോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാധിക സതീഷ് ടിംബ്ലോയുടെ വിദേശ അക്കൗണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ അല്ല മറ്റൊരു രാജ്യത്താണെന്നും രേഖകള്‍ തെളിയിക്കുന്നു.
അതേസമയം, വിദേശ അക്കൗണ്ടുള്ള എല്ലാ ഭാരതീയര്‍ക്കെതിരെയും നടപടി സാധ്യമല്ലെന്നാണ് അറിയുന്നത്. 627 പേരില്‍ രാജ്യത്തു താമസമാക്കിയ 350 പേര്‍ക്കുമേല്‍ മാത്രമേ ആദായനികുതി വകുപ്പിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അവശേഷിക്കുന്നവര്‍ ഭാരതത്തിലെ ഇന്‍കം ടാക്‌സ് നിയമങ്ങളുടെ പരിധിയില്‍പ്പെടുന്നവരല്ല.
















