ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ആഗോളദൗത്യം വിജയകരമാകുന്നു. യോഗയ്‌ക്ക് ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ സ്വീകാര്യത നേടാന്‍ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരത്തിലേക്ക്. അമേരിക്കയും ചൈനയുമടക്കമുള്ള അമ്പതോളം ലോക രാജ്യങ്ങള്‍ ഭാരത പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഐക്യരാഷ്‌ട്രസഭയ്‌ക്ക് ഒപ്പുകള്‍ കൈമാറി. ജൂണ്‍ 21 ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്‌ട്രയോഗ ദിനമായി പ്രഖ്യാപിക്കും.
ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബര്‍ 27ന് നടത്തിയ പ്രസംഗത്തിലാണ് യോഗയ്‌ക്കായി അന്താരാഷ്‌ട്രതലത്തില്‍ ദിനാചരണം നടത്തണമെന്നും യോഗയുടെ പ്രയോജനങ്ങള്‍ ലോകത്തിനാകെ കൈമാറുമെന്നും വ്യക്തമാക്കിയത്. ലോകത്തിനുള്ള ഭാരതത്തിന്റെ സമ്മാനമാണ് യോഗയെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞ മോദി പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യോഗയുടെ പ്രധാന്യങ്ങള്‍ വ്യക്തമാക്കി യോഗയേപ്പറ്റിയുള്ള ബുക്ക് കൈമാറുകയും ചെയ്തു.
അന്താരാഷ്‌ട്ര യോഗ ദിന പ്രഖ്യാപനത്തിനായുള്ള പ്രമേയം ഐക്യരാഷ്‌ട്രസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിക്കഴിഞ്ഞു. കാനഡ,ജപ്പാന്‍, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സമീപ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, അര്‍ജന്റീന എന്നിവയും മോദിയുടെ ദൗത്യത്തിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും ഉടന്‍ പിന്തുണ പ്രഖ്യാപിച്ച് യുഎന്നിന് ഒപ്പുനല്‍കും. ഇറാന്‍,ക്യൂബ എന്നീ രാജ്യങ്ങളുടെ പിന്തുണയ്‌ക്കായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വിവിധ വിദേശരാജ്യങ്ങളുമായി നയതന്ത്രതലത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നത്. നവംബറോടു കൂടി മറ്റു യുഎന്‍ അംഗരാജ്യങ്ങളുടെ ഒപ്പുകള്‍ കൂടി സമാഹരിക്കാമെന്നാണ് ഭാരതത്തിന്റെ പ്രതീക്ഷ.
നരേന്ദ്രമോദി യുഎന്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതിപ്രകാരമാണ്. ‘ഞങ്ങളുടെ പാരമ്പര്യത്തിന്റെ അമൂല്യമായ സമ്മാനമാണ് യോഗ. യോഗാഭ്യാസത്തിലൂടെ മനസ്സിനേയും ശരീരത്തേയും ഏകീകരിക്കാന്‍ സാധിക്കും. ചിന്തകളേയും പ്രവൃത്തികളേയും സംയോജിപ്പിക്കാനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദ്ദത്തെ വളര്‍ത്താനും ആരോഗ്യത്തേയും മനസ്സിനേയും ആത്മീയമാക്കാനും യോഗയ്‌ക്ക് സാധിക്കും. ഇതുവെറും വ്യായാമം മാത്രമല്ല, മനുഷ്യന്റെ ഉള്ളിലെ ഒന്നിനെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്’.
















