ന്യൂദല്‍ഹി: പിന്‍ഗാമിയായി മകനെ പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പകരം പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച ദല്‍ഹി ഇമാമിന്റെ നടപടി വിവാദമാകുന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തില്ലെന്നു പറഞ്ഞാണ് ദല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ഭാരത പ്രധാനമന്ത്രിയെ ക്ഷണിക്കാതിരുന്നത്.
ലോകരാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം മുസ്ലിം മതപണ്ഡിതരുള്പ്പെടെ നിരവധി പേര് പങ്കെടുക്കുന്ന ചടങ്ങിന് രണ്ടു കേന്ദ്ര മന്ത്രിമാരെയും ബിജെപി നേതാക്കളേയും ക്ഷണിച്ചിട്ടുണ്ട്.
അതിനാല്‍ത്തന്നെ പ്രധാനമന്ത്രിയെ മനഃപൂര്‍വ്വം അപമാനിക്കാനാണ് ബുഖാരി ഈ അവസരത്തെ ഉപയോഗിക്കുന്നതെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു.
തന്റെ പിന്‍ഗാമിയായി 19 കാരനായ മകന് ഷബാനെയാണ് ബുഖാരി പ്രഖ്യാപിച്ചത്. നവംബര്‍ 22ന് സഹഇമാമായി ഷബാന്‍ ചുമതലയേല്‍ക്കും. നവംബര്‍ 29നാണ് അതിഥികള്‍ക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിരിക്കുന്നത്.
















