കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ബം ജില്ലയിലെ മാക്ര ഗ്രാമത്തിലെ തൃണമൂല്‍ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കുവാന്‍ എത്തിയ ബിജെപി കേന്ദ്ര പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയാണ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് തടഞ്ഞത്. എംപിമാരായ കീര്‍ത്തി ആസാദ്, ഉദിത് രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ ഒരു ബിജെപി പ്രവര്ത്തകന് ഉള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഈ മേഖല സന്ദര്‍ശിക്കുന്നതില്‍ നിന്നാണ് പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്.
പ്രതിപക്ഷത്തെ തടയുകയല്ല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി കേന്ദ്രപ്രതിനിധി സംഘം വ്യക്തമാക്കി. തങ്ങളുടെ സന്ദര്‍ശനം സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. ഞങ്ങള്‍ തീരുമാനിച്ചാല്‍ അത് നടത്തുക തന്നെ ചെയ്യും, അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും നഖ്വി പറഞ്ഞു.
ഭീകരന്മാരുടെയും മാഫിയകളുടെയും കേളി രംഗമായി മാറിയിരിക്കുകയാണ് ബംഗാള്‍. ഭീകരന്മാര് ബംഗാളിന്റെ മണ്ണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുവാന്‍ തൃണമൂല്‍ സര്‍ക്കാര്‍ തയ്യാറാവണം. ബിജെപി ഓഫീസില്‍ അല്പസമയം നിന്നപ്പോഴെക്കും അവിടെ യോഗം ചേരരുതെന്നും, നിരോധനാജ്ഞക്ക് എതിരാവുമെന്നും പറഞ്ഞ് സംസ്ഥാനആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയുണ്ടായി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗാളില്‍ പ്രവേശിക്കുന്നത് തടയുവാനാണ് സര്‍ക്കാരിന്റെ സകല ഊര്‍ജ്ജവും ഉപയോഗിക്കുന്നത്. ഈ ഊര്‍ജ്ജം ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ പ്രയോഗിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിനും ബംഗാളിന് മഹത്വരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പിടിയിലായ ഭീകരന്മാരില് നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയെയും വധിക്കാനുള്ള നീക്കത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇക്കാര്യം ബംഗ്ലാദേശിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും നഖ്വി പറഞ്ഞു.
















