സത്യം മിഥ്യ പുണ്യം പാപം ഇവയെ വിവേചിച്ചറിഞ്ഞ് ശ്രേയസ്‌കരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുവാന്‍ ഒരാള്‍ വിശ്വാസത്തിലും ഭക്തിയിലും ശരണാഗതിയിലും കൂടെ ഈശ്വരനുമായി ബന്ധപ്പെടണം.
വിശ്വാസം ഉദിക്കുമ്പോള്‍ സദാചാര നിയമങ്ങള്‍ ലംഘിക്കാന്‍ ഭയപ്പെടും. എന്തെന്നാല്‍ സര്‍വസാക്ഷിയായ ഈശ്വരനില്‍നിന്ന് യാതൊന്നും മറച്ചുവെയ്‌ക്കാന്‍ സാദ്ധ്യമല്ലെന്നു അയാള്‍ക്കറിയാം. അതുപോലെ പ്രപഞ്ചത്തിലെ കര്‍മ്മങ്ങളെയും നിയന്ത്രിക്കുന്ന കര്‍മ്മനിയമങ്ങളെപറ്റി അയാള്‍ ബോധവാനാകും. താന്‍ താന്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം താന്‍ താന്‍ അനുഭവിച്ചേ തീരൂ എന്ന ആശയം മനസ്സില്‍ രൂഢമൂലമായിത്തീരുന്നു.
പാപ പുണ്യങ്ങള്‍ എന്ന ആശയം പരമപുരുഷാര്‍ത്ഥമായ മോക്ഷത്തെക്കുറിച്ചുള്ള ആശയത്തില്‍നിന്നു രൂപംകൊണ്ടതാണ്. മോക്ഷത്തിലേക്കോ ഈശ്വരസാക്ഷാത്കാരത്തിലേക്കോ നയിക്കുന്ന പ്രവൃത്തിയും അതിനെ അകമ്പടിസേവിക്കുന്ന മനോഭാവവും പുണ്യമാണ്. അതുപോലെ ഈശ്വരകാരുണ്യത്തില്‍നിന്നോ അല്ലെങ്കില്‍ സ്വന്തം ആത്മാവിന്റെ ദിവ്യാവസ്ഥയില്‍നിന്നോ ഒരാളെ അകറ്റാന്‍ പോകുന്ന പ്രവൃത്തിയും മനോഭാവവും പാപത്തില്‍ ഉള്‍പ്പെടുന്നു.
പുണ്യം സമ്പാദിക്കപ്പെടുകയും പാപം വര്‍ജ്ജിക്കപ്പെടുകയും വേണം. ആദ്ധ്യാത്മികതലത്തില്‍ പ്രവേശിക്കുന്നതിന് ഇത്തരം വിവേചനം എത്രയും അനിവാര്യമാണ്.
ധാര്‍മ്മിക പ്രജ്ഞയുടെ മേഖലയില്‍ ഏകമായ സത്യവസ്തുവിനെ ഈശ്വരനെ മാത്രമേ ദര്‍ശിക്കുകയുള്ളൂ. തന്മൂലം മനസ്സ് സൃഷ്ടിക്കുന്ന വ്യാമോഹങ്ങള്‍ക്കും ദ്വൈതഭാവങ്ങള്‍ക്കും വിഭജനങ്ങള്‍ക്കും അദ്ദേഹം അതീതനായിരിക്കും.
ആ ചിത്തം അനന്തവിസ്തൃതമായ ചിത്തിനു സമാനം പ്രശാന്തമായിരിക്കും. എല്ലാ അസ്തിത്വങ്ങളേയും ഏകമായി കാണാനുള്ള ദര്‍ശനശക്തി അതിനുണ്ടായിരിക്കും. അപ്പോള്‍ മനുഷ്യന്‍ സര്‍വ്വാതിരിക്തനായി ഈശ്വരനോടും ഈശ്വരസൃഷ്ടികളോടും സ്വയം സാദ്മ്യം പ്രാപിക്കും.
– ശ്രീ രമാദേവി
















