ന്യൂദല്‍ഹി: ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുവാനുള്ള ഏതൊരവസരവും വിനിയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെങ്കിലും അതൊരിക്കലും ഭാരതത്തിന്റെ അതിര്‍ത്തി താത്പര്യങ്ങളും പരമാധികാരവും പണയം വച്ചിട്ടായിരിക്കില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഇവിടെ നടന്ന സുരക്ഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായി സാമ്പത്തിക സഹകരണത്തിന് ഭാരതത്തിന് താത്പര്യമുണ്ട്. എന്നാല്‍ 1962ലെ മോശം അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഭാരതത്തിന്റെ താത്പര്യങ്ങളില്‍ സന്ധിചെയ്തിട്ടുള്ള യാതൊരു തീരുമാനവും ഉണ്ടാവില്ല.
ചൈന വളരെ പ്രധാനപ്പെട്ട അയല്‍രാജ്യമാണ്. ഭാരതവുമായി നൂറ്റാണ്ടുകളായുള്ള നല്ലബന്ധവുമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്. എന്നാല്‍ വിലപേശലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. അതേസമയം ഭീകരവാദത്തെ ഫലപ്രദമായി തന്നെ നേരിടും.
ഇരുരാജ്യങ്ങളിലെയും നിരവധി സാധാരണക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്.
അന്താരാഷ്‌ട്ര ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടേണ്ടതുണ്ട്. ഭീകരവാദികള്‍ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കുകയും ഭീകരവാദത്തെ സ്വാതന്ത്യ സമരമായിട്ടാണ് പാക്കിസ്ഥാനെ പോലുള്ള രാഷ്‌ട്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് വിവിധ രാജ്യങ്ങള്‍ ഭീകരതയുടെ ഭീഷണി മനസ്സിലാക്കുന്നത്. അതേ സമയം അന്താരാഷ്‌ട്ര തലത്തില്‍ ക്രിയാത്മകമായ യാതൊരു നടപടിയും ഉണ്ടായില്ല. നാം നാലാം തലമുറയിലെ യുദ്ധത്തിലേക്കാണ് നീങ്ങുന്നത്. ഇത് ആക്രമണവും ഓട്ടവുമാണ്. ഇതുകൊണ്ട് എന്ത് സംഭവിക്കുന്നുവെന്നല്ല. എന്താണ് പ്രതികരണമെന്നാണെന്നും ഡോവല്‍ പറഞ്ഞു.
















