ബംഗളൂരു: രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി ബംഗളൂരുവില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി.
ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നാല് മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയത് മുതല്‍ കുട്ടി കരയുകയും അസ്വാഭാവികമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു.
അകാരണമായി ഭയപ്പെട്ട മകള്‍ക്ക് കടുത്ത പനിയുള്ളതായും പിതാവ് വ്യക്തമാക്കി. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആരോ തല്ലി എന്നാണ് പറഞ്ഞത്. എന്നാല്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ പ്രതി ആരാണെന്ന് വ്യക്തമല്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. സിസി ടിവി ദൃശ്യങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. നേരത്തെ എട്ടു വയസുകാരി ബംഗളൂരുവിലെ വിദ്യാലയത്തില്‍ വച്ച് പീഡനത്തിന് ഇരയായിരുന്നു.
















