എന്തൊക്കെയായാലും, ഒരുനിമിഷംകൊണ്ട് പൂര്‍ണമായ ആത്മസമര്‍പ്പണത്തിന്റെ ഭാവം നേടാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് നിമിഷംകൊണ്ടുതന്നെ ഭഗവാന്റെ കാരുണ്യം നമ്മുടെ മുന്നില്‍ വെളിപ്പെടണമെന്ന് പ്രതീക്ഷിക്കാനും പാടില്ലല്ലോ. ഭഗവാനും അദ്ദേഹത്തിന്റെ ഭക്തന്മാരും ചിലപ്പോഴൊക്കെ അത്ഭുതങ്ങള്‍ കാണിക്കാറുണ്ടെങ്കിലും നമുക്ക് അങ്ങനെയുള്ള അത്യസാധാരണ കാര്യങ്ങള്‍ സംഭവിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ പാടുള്ളതല്ല. നാം ഭഗവാനില്‍ ആത്മസമര്‍പ്പണം ചെയ്യുന്നതിന്റെ അനേകം മടങ്ങ് കാരുണ്യം അദ്ദേഹം നമ്മില്‍ ചൊരിയുന്നുണ്ടെന്നതു തീര്‍ച്ച. മറ്റൊരപകടം ഇതാണ്; അദ്ദേഹത്തിന്റെ കാരുണ്യം മുഴുവന്‍ ഒറ്റയടിക്കു തന്നെ നമുക്ക് കിട്ടിയാല്‍ തീര്‍ച്ചയായും നാം ദുഷിച്ച് അധഃപതിച്ചുപോകും; യോഗസിദ്ധികള്‍ നേടിയ പല യോഗികളേയുംപോലെ ക്ഷമയോടും ഉത്സാഹത്തോടുംകൂടി നിയന്ത്രിതമായ രീതിയില്‍ നമ്മുടെ ധര്‍മ്മങ്ങളനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്നതാണു നല്ലത്; അങ്ങനെയായാല്‍ നമുക്ക് ഭഗവാന്റെ പൂര്‍ണമായ കാരുണ്യം ലഭിക്കും.
















