പുന്നപ്ര തീരത്ത് മത്സ്യം പ്രതീക്ഷിച്ച് നിരത്തി വച്ചിരിക്കുന്ന ഒഴിഞ്ഞ കുട്ടകള്‍
അമ്പലപ്പുഴ: കടത്ത മത്സ്യക്ഷാമം മൂലം തീരം വറുതിയിലായതോടെ മത്‌സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. ചാകരകൊയ്‌ത്ത് പ്രതീക്ഷിച്ചിരുന്നപ്പോഴത്തെ അപ്രതീക്ഷിത കടല്‍ കയറ്റവും ദിവസങ്ങളോളം നീണ്ടുനിന്ന കാറ്റും മഴയുമാണ് മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷകളെ തകിടം മറിച്ചത്.
ട്രോളിങ് നിരോധന കാലയളവിന് ശേഷം ബോട്ടുകള്‍ കടലിലിറക്കുന്നതിന് മുന്‍പ് വള്ളങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സുലഭമായി മത്സ്യം ലഭിക്കുന്നതാണ്. എന്നാല്‍ തോട്ടപ്പള്ളി ഹാര്‍ബര്‍, പുന്നപ്ര ചള്ളി, പറവൂര്‍ ഗലീലിയ ഭാഗങ്ങളില്‍ നിന്ന് മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്ക് നിരാശമാത്രം ബാക്കിയാവുകയായിരുന്നു.
ചന്തക്കടവുകള്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ ഗലീലിയായില്‍ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് ദിനം പ്രതിയെത്തുന്നത്. പത്തിന് താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന ഡിസ്‌ക്കോ വള്ളങ്ങളാണ് ഇവയില്‍ ഏറെയും. കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന താങ്ങുവള്ളങ്ങളും ആഴ്ചകളായി കടലില്‍ ഇറങ്ങുന്നില്ല. ഡിസ്‌ക്കോ വള്ളങ്ങള്‍ക്ക് പത്ത് കുട്ടക്ക് താഴെ മത്രമാണ് മത്സ്യം ലഭിക്കുന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനം ഇന്ധനച്ചെലവിനും തൊഴിലാളികളുടെ ചായകുടിക്ക് മാത്രമാണ് തികയുന്നത്.
ഒരു വള്ളം കടലിലിറക്കി തിരിച്ചു വരണമെങ്കില്‍ അയ്യായിരം രൂപമുതല്‍ ഇന്ധനച്ചെലവ് വരും. പ്രതീക്ഷ കൈവെടിയാതെ ദിവസങ്ങള്‍ കടലില്‍ പണിയെടുത്തിട്ടും ഒന്നും കിട്ടാതെ വള്ളം ഉടമയും തൊഴിലാളികളും വന്‍ കടക്കെണിയിലാവുകയാണ്. ഇതിനാല്‍ പല വള്ളങ്ങളും കരയ്‌ക്ക് കയറ്റി വെച്ചിരിക്കുകയാണ്.
















