തൊടുപുഴ : മൊബൈലിനെ ചൊല്ലി സ്വകാര്യ ഫോണ്‍ സര്‍വീസ് സെന്ററിന്റെ ഓഫീസില്‍ കെ.എസ്.യു. പ്രവര്‍ത്തകരുടെ ആക്രമണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പി.ഡബ്ല്യൂ.ഡി. റസ്റ്റ്ഹൗസിനു സമീപമുള്ള സര്‍വീസ് സെന്ററിലെ ജീവനക്കാരായ ഫൈസല്‍ (23), അന്‍വര്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.യു. പ്രവര്‍ത്തകനായ യുവാവ് സര്‍വീസ് സെന്ററിലെത്തിയിരുന്നു. എന്നാല്‍ ഇത് ഇവിടെ നന്നാക്കാന്‍ കഴിയില്ലെന്നും മുവാറ്റുപുഴയിലെ സര്‍വീസ് സെന്ററില്‍ മാത്രമേ നന്നാക്കാനാവൂ എന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ ഇന്നലെ വീണ്ടും സര്‍വീസ് സെന്ററിലെത്തിയ യുവാവ് വാറന്റിയുള്ള മൊബൈല്‍ ആണെന്നും നന്നാക്കി തരണമെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ കെ.എസ്.യു പ്രവര്‍ത്തകരെ ഇങ്ങോട്ട് വിളിച്ചു വരുത്തി. സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് സംഘം സ്ഥലത്തെത്തി. ഇവര്‍ ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ സര്‍വീസ് സെന്ററിനുള്ളില്‍ കയറി ഫൈസലിനെയും , അന്‍വറിനെയും ആക്രമിക്കുകയായിരുന്നു. ഇതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ രണ്ടു ജീപ്പ് നിറയെ പോലീസ് ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്തെത്തി. എസ്.ഐ യുടെ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി മൊബൈല്‍ കമ്പനിയ്ക്കു ഇമെയില്‍ അയക്കാമെന്നും പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ ശ്രമിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോള്‍ വീണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: