ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളുമായ് ബന്ധപ്പെട്ട് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു ചെങ്ങന്നൂരില്‍ സന്ദര്‍ശനം നടത്തി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പ്രധാന ഇടത്താവളമായ മഹാദേവക്ഷേത്രത്തില്‍ അദ്ദേഹം എത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പട്ട കുടിവെളളക്ഷാമം ഇക്കൊല്ലം ഉണ്ടാകാതിരിക്കാനുളള നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി കമ്മീഷണര്‍ ചര്‍ച്ച നടത്തി.
കിഴക്കേനടയില്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള ശൗചാലയങ്ങള്‍ സൗജന്യമായി തുറന്നുനല്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി. ആറാട്ടുകടവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികള്‍ വിലയിരുത്തി. തുടര്‍ന്ന് ആറാട്ടുകടവും, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷണര്‍ മടങ്ങിയത്.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.ജയശ്രീ, ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്, സെക്രട്ടറി റ്റി.പ്രകാശ്, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി എസ്.വി.പ്രസാദ്, തൃച്ചെങ്ങന്നൂര്‍ ഉമാമഹേശ്വര സേവാസമിതി ജനറല്‍ സെക്രട്ടറി അഡ്വ.ആര്.ഉണ്ണികൃഷ്ണന് നായര്‍, അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാര്‍, ഷിബുരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: