കൊച്ചി: രാജ്യത്ത് ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം വേണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഗാനവും ജഴ്‌സിയും പുറത്തിറക്കിയ ശേഷം സംസാരിക്കുകകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിന്ന് മികച്ച താരങ്ങളെ കണ്ടെത്താന്‍ പ്രയാസമില്ല. വിദേശ രാജ്യങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ താരങ്ങളുടെ കഴിവ് കണ്ടെത്താന്‍ സംവിധാനമുണ്ട്. എന്നാല്‍ നമുക്കതിന് സാധിക്കുന്നില്ല. ഇതിന് മാറ്റം വരണം. കേരളത്തിലെ പ്രാദേശിക താരങ്ങള്‍ക്കും ടീം അവസരം നല്‍കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊപ്പം കേരളത്തില്‍ താഴെ തട്ടില്‍ നിന്ന് തന്നെ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തും.
രാജ്യത്തെ 62 ദശലക്ഷം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകള്‍. കായിക സംസ്‌കാരത്തിന്റെ അഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏത് മേഖലയില്‍ ശോഭിക്കാനും ഫിറ്റ്‌നസ് അത്യാവശ്യം. ചെറിയ കുട്ടികള്‍ക്ക് ഇപ്പോഴും വീഡിയോ ഗെയിം കളിക്കുന്നതിലാണ് താല്‍പര്യം. വിരലിനുള്ള വ്യായാമം മാത്രമേ ഇത് കൊണ്ട് ലഭിക്കുകയുള്ളു.
നല്ല കായിക സംസ്‌കാരം ഉണ്ടായാല്‍ ആരോഗ്യമുള്ള രാജ്യത്തെ സൃഷ്ടിക്കാന്‍ നമുക്കാവും. ഐപിഎല്ലിലൂടെ വിദേശ താരങ്ങളുമായി കളിക്കാനുള്ള അവസരമാണ് ഇന്ത്യയിലെ പ്രാദേശിക താരങ്ങള്‍ക്ക് ലഭിച്ചത്.
ഐഎസ്എല്ലിലും മികച്ച അനുഭവമാണ് പ്രാദേശിക ഫുട്‌ബോള്‍ താരങ്ങളെ കാത്തിരിക്കുന്നത്. ടീമിന്റെ ജഴ്‌സിക്ക് മഞ്ഞ നിറം തെരഞ്ഞെടുത്തതില്‍ മറ്റു താല്‍പര്യങ്ങളില്ലെന്നും ദൃഢനിശ്ചയത്തെയും വിശ്വാസ്യതയയും പ്രതിനിധീകരിക്കുന്ന നിറമാണിതെന്നും സച്ചിന്‍ പറഞ്ഞു.
















