നെത്തല്ലൂര്‍: നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോനുബന്ധിച്ച് നടന്നുവരുന്ന വേദത്രയ മഹായജ്ഞത്തിന്റെ ഭാഗമായി് യജുര്‍വ്വേദമന്ത്ര മുറജപം ഇന്ന് സമാപിക്കും. സാമവേദമന്ത്ര മുറജപം നാളെ ആരംഭിക്കും. സാമവേദമന്ത്ര മുറജപത്തിന് സാമവേദ പണ്ഡിതന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യജുര്‍വേദമന്ത്ര മുറജപത്തിന് ഇന്ന് അതിരാത്ര യജ്ഞയജമാന്‍ കൈമുക്ക് രാമന്‍ അക്കിത്തിരി നേതൃത്വം നല്‍കും. യജുര്‍വേദ മന്ത്രാചാരന്മാരായ കടലൂര്‍ ശ്രീദാസ് നമ്പൂതിരി, കല്ലംവള്ളി ജയനാരായണന്‍ നമ്പൂതിരി എന്നിവരും പങ്കെടുക്കും.
ഇന്നലെ യജ്ഞവേദിയില്‍ രാവിലെ 6.30ന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി നീലണ്ഠന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 1,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. രാവിലെ 6മുതല്‍ യജുര്‍വ്വേദ മന്ത്ര മുറജപത്തിന് കടലൂര്‍ ശ്രീദാസ് നമ്പൂതിരി, കല്ലംവള്ളി ജയനാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 4.30 മുതല്‍ പളളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപ്പൂജ എന്നിവ നടക്കും. വൈകിട്ട് 6ന് സോപാനസംഗീതം, 6.30ന് ദീപാരാധന, 7ന് നിറമാല, വിളക്ക്, അത്താഴപ്പൂജ എന്നിവ നടക്കും. യജ്ഞവേദിയില്‍ 10ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6ന് നവദീപാലങ്കാരം, സോപാനസംഗീതം, ദീപാരാധന, എന്നിവ നടക്കും.
നവരാത്രി മണ്ഡപത്തില്‍ ഉച്ചയ്‌ക്ക് 12.30ന് ശ്രീവത്സം വേണുഗോപാല്‍ പാഠകം അവതരിപ്പിക്കും. വൈകിട്ട് 7.30ന് സോപാനസംഗീതം, 9.30ന് സംഗീതസദസ് എന്നിവ നടക്കും.
















