മുഹമ്മ:’വേമ്പനാട്ട് കായല്‍ തീരത്തെ തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും സ്വകാര്യ വ്യക്തി അനധികൃതമായി ഗ്രാവലിട്ട് നികത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മണ്ണഞ്ചേരി പഞ്ചായത്ത് നാല്, അഞ്ച് വാര്‍ഡുകളിലെ കാരിക്കാശേരി ഭാഗത്തെ 14 ഏക്കറാണ് റിസോര്‍ട്ടിനു വേണ്ടി എന്ന പേരില്‍ ഗ്രാവലിട്ട് മൂടുന്നത്. ഇതിനെതിരെ നാട്ടുകാര്‍ വില്ലേജ്, പഞ്ചായത്ത് അധികൃതരെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാവല്‍ ഇറക്കുന്നത് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ടുദിവസമായി നൂറിലേറെ ടിപ്പറുകളിലാണ് ഗ്രാവലെത്തിച്ചിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്ത്, വില്ലേജ് ഓഫീസര്‍ നാസര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ ഗ്രാവല്‍ ഇറക്കുന്നത് നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്കി. പഞ്ചായത്തില്‍ നിന്നും മതില് കെട്ടുന്നതിനുള്ള അനുമതി ലഭിച്ചതിന്റെ മറവിലാണ് നിലം നികത്ത് നടത്തിയത്. വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തെ പുറമ്പോക്ക് സ്ഥലവും ഇവരുടെ ഭൂമിയോട് ചേര്‍ന്നുണ്ട്. ഇതുകൂടി സ്വകാരവ്യക്തി കൈയേറിയാണ് മതില് കെട്ടാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
റിസോര്‍ട്ട് നിര്‍മ്മാണത്തിനെന്ന പേരില്‍ അട്ടിക്കളം-തക്യാവ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങള്‍ റോഡ് വീതികൂട്ടുന്നതിനായി നേരത്തെ കോടികള്‍ മുടക്കി റിയല്‍ എസ്റ്റേറ്റുകാര്‍ കൈവശപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: