എരുമേലി: ഓട്ടത്തിനിടെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ നിയന്ത്രണംതെറ്റി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു.
എരുമേലി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വേഗത്തില്‍ ഓടിച്ചു വന്ന കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫോണ്‍ എടുത്ത് സംസാരം തുടങ്ങിയപ്പോള്‍ കാര്‍ റോഡിന്റെ വലതു വശത്തുള്ള കോണ്‍ക്രീറ്റിന്റെയും ഇരുമ്പിന്റെയും രണ്ട് പോസ്റ്റുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.
വൈദ്യുതി ഉണ്ടായിരുന്നുവെങ്കിലും കാറിന്റെ ഡ്രൈവര്‍ക്ക് യാതൊരു പരിക്കുകളുമുണ്ടായില്ല. രണ്ട് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നെങ്കിലും തലനാരിഴയ്‌ക്ക് വന്‍ ദുരന്തം ഒഴിവായി. എരുമേലി പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കറുകച്ചാല്‍ സ്വദേശിയുടേതാണ് കാര്‍.
















