മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ എല്‍ച്ചെയെ തകര്‍ത്തുവിട്ടു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് പെനാല്റ്റിയുള്പ്പെടെ നാല് ഗോളുകള്‍ നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ പടയോട്ടത്തിന് സാന്റിയാഗോ ബെര്‍ണാബ്യു സാക്ഷ്യം വഹിച്ചത്. എല്‍ച്ചെ ഗോളിയുടെ തകര്‍പ്പന്‍ പ്രകടനമില്ലായിരുന്നെങ്കില്‍ പരാജയം കൂടുതല്‍ ദയനീയമാകുമായിരുന്നു.
മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശംവെച്ച റയല്‍ 23 ഷോട്ടുകളാണ് മത്സരത്തിലുടനീളം ഉതിര്‍ത്തത്. ഇതില്‍ 12 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം എല്ച്ചെക്ക് മൂന്നെണ്ണം മാത്രമാണ് റയല്‍ വല ലക്ഷ്യമാക്കി പായിക്കാന്‍ കഴിഞ്ഞത്.
കളിയുടെ 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അല്‍ബാക്കര്‍ ഗല്ലേജോ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് എല്‍ച്ചെ ലീഡ് നേടി. എന്നാല്‍ 20-ാം മിനിറ്റില്‍ റയലിന്റെ മറ്റൊരു സൂപ്പര്‍താരമായ ഗരെത്ത് ബെയ്ല് സമനില ഗോള്‍ നേടി. പിന്നീട് ക്രിസ്റ്റിയാനോയുടെ തേര്‍വാഴ്ചക്കാണ് തിങ്ങിനിറഞ്ഞ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 28-ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ തന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ബോക്സിനുള്ളില്‍ മാഴ്സലോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റിയാനോയുടെ ആദ്യഗോള്‍. പിന്നീട് 32-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ തന്റെ രണ്ടാം ഗോള്‍ നേടി. മാഴ്സലോ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ എല്‍ച്ചെ വലയിലെത്തിച്ചു. തുടര്‍ന്ന് അവസാനിക്കുന്നതിനിടെ റയല്‍ താരങ്ങളായ ക്രിസ്റ്റിയനോയും ടോണി ക്രൂസും സെര്‍ജിയോ റാമോസും ജെയിംസ് റോഡ്രിഗസും അഞ്ചോളം അവസരങ്ങളാണ് തുലച്ചുകളഞ്ഞത്.
രണ്ടാം പകുതിയിലും എതിര് ഗോള്‍മുഖം നിരന്തരം വിറപ്പിച്ച റയല്‍ താരങ്ങള്‍ക്ക് പക്ഷേ നാലാം ഗോള്‍ നേടാന്‍ കളിയുടെ 80-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് നാലാം ഗോള്‍ പിറന്നത്. കിക്കെടുത്ത സൂപ്പര്‍താരം ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ചതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് കരസ്ഥമാക്കി. പിന്നീട് ഇഞ്ചുറി സമയത്തും ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. മറ്റൊര മത്സരത്തില്‍ സെല്‍റ്റ ഡി വീഗോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോ ലാ കൊരൂണയെ കീഴടക്കി. വിജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: